കോലാര്‍ (കര്‍ണാടക):മൊറാര്‍ജി ദേശായി സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആര്‍എസ്എസ് പരിശീലന കേന്ദ്രങ്ങളെന്ന് എസ്‌എഫ്‌ഐ. കോലാര്‍, ഉത്തരകന്നഡ എന്നീ ജില്ലകളിലെ സ്‌കൂളുകളിലാണ് ആര്‍എസ്‌എസ് പരിശീലന കേന്ദങ്ങള്‍ ഉള്ളതെന്നാണ് എസ്‌എഫ്‌ഐ കര്‍ണാടക യൂണിറ്റിന്‍റെ ആരോപണം. സാമൂഹ്യ ക്ഷേമ മന്ത്രി തന്നെയാണ് ഇതിന് അനുമതി നല്‍കിയതെന്നും സംഘടന ആരോപിച്ചു.
കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍എസ്എസ് ക്യാംപുകളെന്ന് എസ്‌എഫ്‌ഐ - ആര്‍എസ്എസ് പരിശീലന കേന്ദ്രങ്ങളെന്ന് എസ്‌എഫ്‌ഐ
ആര്‍എസ്‌എസ് ക്യാംപുകള്‍ക്ക് അനുമതി നല്‍കിയത് വിദ്യാഭ്യാസത്തില്‍ കാവിവത്‌ക്കരണം നടത്തുന്നതിന്‍റെ ഭാഗമാണെന്ന് എസ്‌എഫ്‌ഐ കര്‍ണാടക ഘടകം ആരോപിച്ചു
വിദ്യാഭ്യാസത്തെ കാവിവത്‌ക്കരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിയന്ത്രണം ആര്‍എസ്എസിനെ ഏല്‍പ്പിക്കുന്നത് അപകടകരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുന്നത്. പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആര്‍എസ്‌എസിന് കൊടുത്ത അനുമതി സംസ്ഥാന സര്‍ക്കാര്‍ ഉടനെ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം എസ്‌എഫ്‌ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടനയുടെ കര്‍ണാടക സെക്രട്ടറി വാസുദേവ് റെഡ്ഡി പ്രതികരിച്ചു.
വ്യായാമങ്ങള്‍, വ്യക്തിത്വ വികസനം, യോഗ, ദേശീയത വളര്‍ത്തുന്ന പഠനങ്ങള്‍ എന്നിവയാണ് പരിശീലന ക്യാംപില്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കര്‍ണാടക റസിഡന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സൊസൈറ്റിയാണ് ഇത് നടത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാഠ്യപദ്ധതി പരിഷ്‌കരണ പദ്ധതിയിലൂടെ ബിജെപി സര്‍ക്കാര്‍ വര്‍ഗീയത പരത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ആര്‍എസ്എസിന്‍റെ ഈ പരിശീലന പരിപാടിയെന്ന് എസ്എഫ്ഐ ആരോപിച്ചു.