ചെന്നൈ: സുപ്രീം കോടതി ഉത്തരവിന്‍റെ പിന്‍ബലത്തില്‍ തമിഴ്‌നാട്ടിലെമ്പാടും റൂട്ട് മാർച്ചുകള്‍ സംഘടിപ്പിച്ച് ആർഎസ്‌എസ്. വന്‍ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ റൂട്ട് മാർച്ച് നടന്നത്. വെള്ള ഷര്‍ട്ടും- കാക്കി പാന്‍റ്സും ധരിച്ച് നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.
ചെന്നൈ, ഈറോഡ്, നാമക്കൽ, കൃഷ്‌ണഗിരി, ധർമ്മപുരി, സേലം, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, പെരമ്പല്ലൂർ, തിരുച്ചിറപ്പള്ളി, മധുരൈ, കാരൈക്കുടി, കന്യാകുമാരി തുടങ്ങിയ ജില്ലകളില്‍ റൂട്ട് മാർച്ച് നടന്നു. ഈ ജില്ലകളില്‍ ചെന്നൈയിലെ മൂന്ന് സ്ഥലങ്ങൾ ഉൾപ്പെടെ 53 നഗരങ്ങളിലാണ് ഇന്ന് റൂട്ട് മാർച്ചുകൾ നടത്തിയതെന്ന് ആര്‍എസ്എസ് വക്താവ് പറഞ്ഞു.
കേന്ദ്ര മന്ത്രി എല്‍ മുരുകന്‍ അടക്കമുള്ള പ്രമുഖര്‍ മാര്‍ച്ചിന്‍റെ ഭാഗമായി. ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യ ഉൾപ്പെടെയുള്ള നിരവധി പാർട്ടി ഭാരവാഹികളും പങ്കെടുത്തു. ഡിഎംകെ ഭരണകൂടത്തിന്‍റെ ഗൂഢാലോചനകൾ മറികടന്നാണ് ആർഎസ്എസ് മാർച്ചുകൾ നടന്നതെന്ന് എസ് ജി സൂര്യ തന്‍റെ എക്‌സില്‍ കുറിച്ചു.
Also Read:'സര്‍ക്കുലറില്‍ പുതുമയില്ല, നിലവിലുള്ളത് പുതുക്കുക മാത്രമാണ് ചെയ്‌തത്': ക്ഷേത്രവളപ്പുകളിൽ ആർഎസ്‌എസ് ശാഖ പാടില്ലെന്ന ഉത്തരവില്‍ വിശദീകരണം
റൂട്ട് മാർച്ചിന് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. പിന്നാലെ ആർഎസ്എസിന് റൂട്ട് മാർച്ചുകൾ നടത്താനുള്ള അനുമതി നൽകാൻ തമിഴ്‌നാട് സർക്കാറിനോട് സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് റൂട്ട് മാർച്ചുകളുടെ എണ്ണം ഓരോ ജില്ലയിലും ഒന്നായി ചുരുക്കണമെന്ന തമിഴ്‌നാട് സർക്കാറിന്‍റെ ആവശ്യവും തള്ളി.