ജയ്‌പൂർ :ആർഎസ്എസ് സ്‌ത്രീകളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീരാമനേയും സീതാദേവിയേയും അംഗീകരിച്ചുകൊണ്ട് 'ജയ് സിയാറാം' എന്ന് വിളിക്കുന്നതിന് പകരം ജയ് ശ്രീറാം എന്ന് മുഴക്കിക്കൊണ്ട് ബിജെപിയും ആർഎസ്എസും സീതാദേവിയെ അപമാനിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ സ്‌ത്രീകളെ മുഴുവൻ അവര്‍ അവഹേളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദാസ ജില്ലയിലെ ബാഗ്‌ഡി ഗ്രാമത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങൾ 'ജയ് ശ്രീറാം' എന്ന് പറയുന്നു, പക്ഷേ എന്തുകൊണ്ടാണ് നിങ്ങൾ 'ജയ് സിയാറാം' എന്ന് പറയാത്തത് ? എന്തുകൊണ്ടാണ് സീതാമാതാവിനെ നിങ്ങൾ നീക്കം ചെയ്‌തത് ? എന്തിനാണ് നിങ്ങൾ സീതാമാതാവിനെ അപമാനിക്കുന്നത് ? എന്തിനാണ് ഇന്ത്യയിലെ സ്‌ത്രീകളെ നിങ്ങൾ അപമാനിക്കുന്നത് ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആർഎസ്‌എസിനെതിരെ ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.
ആർഎസ്എസില്‍ സ്‌ത്രീകളെ കാണാൻ കഴിയില്ല, അവർ സ്‌ത്രീകളെ അടിച്ചമർത്തുകയാണ്. സംഘടനയിൽ വനിതകളെ പ്രവേശിപ്പിക്കാന്‍ അവർ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്‌മ എന്ന ഭയം വർധിക്കുകയാണ്. ബിജെപിയ്‌ക്കും ആർഎസ്എസിനും മാത്രമാണ് ഈ ഭയത്തിന്‍റെ ഗുണം.