ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെ 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്ന് വിശേഷിപ്പിച്ച് ആർഎസ്എസിന്‍റെ മുഖവാരിക പാഞ്ചജന്യ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കോടികള്‍ കൈക്കൂലി നൽകിയാണ് കമ്പനി ഇന്ത്യയില്‍ നിലനിന്നുപോകുന്നതെന്നും പാഞ്ചജന്യയിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു.
ഒക്‌ടോബർ മൂന്നിന് പുറത്തിറങ്ങുന്ന ലക്കത്തിലാണ് ആമസോണിനെ രൂക്ഷമായി എതിര്‍ത്തുകൊണ്ടുള്ള ലേഖനം. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചെടുക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി എന്താണോ ചെയ്‌തത്, അതുതന്നെയാണ് ഇപ്പോൾ ആമസോണും ചെയ്യുന്നത്.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കുത്തക സ്ഥാപിക്കുക എന്നതാണ് ആമസോണിന്‍റെ ലക്ഷ്യം. അതിനായി രാജ്യത്തെ പൗരരുടെ സാമ്പത്തികവും രാഷ്‌ട്രീയവും വ്യക്തിപരവുമായ സ്വാതന്ത്ര്യം പിടിച്ചെടുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.