ന്യൂഡൽഹി: ആർഎസ്എസ് അനുകൂല മാഗസിനായ പാഞ്ചജന്യത്തിന്‍റെ ഇൻഫോസിസ് വിമർശനത്തെ തള്ളി ആർഎസ്എസ്. രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിനെ വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പ്രസിദ്ധീകരണത്തിനെതിരെ ആർഎസ്എസ് തന്നെ മുന്നിട്ടിറങ്ങിയത്. പാഞ്ചജന്യം ആർഎസ്എസ് മുഖപത്രമല്ല എന്നായിരുന്നു ആർഎസ്എസ് പ്രതികരണം.
ലേഖനം രചയിതാവിന്‍റെ അഭിപ്രായമാണെന്നും സംഘടനയുമായി ബന്ധപ്പെടുത്തരുതെന്നും ആർഎസ്എസിന്‍റെ അഖിലേന്ത്യ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു. പാഞ്ചജന്യത്തിന്‍റെ സെപ്റ്റംബർ 5ലെ പതിപ്പിലാണ് ഇൻഫോസിസ് കമ്പനിക്കെതിരെ പ്രശസ്തിയും നാശവും എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ഇൻഫോസിസ് ദേശവിരുദ്ധ ശക്തികൾക്ക് സഹായമൊരുക്കുകയാണെന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു.
പാഞ്ചജന്യത്തെ തള്ളി ആർഎസ്എസ്
ഇന്ത്യൻ കമ്പനി എന്ന നിലയിൽ ഇൻഫോസിസ് രാജ്യത്തിന്‍റെ പുരോഗതിയിൽ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും ഇൻഫോസിസ് നടത്തുന്ന പോർട്ടലിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും എന്നാൽ ലേഖനം രചയിതാവിന്‍റെ അഭിപ്രായം മാത്രമാണെന്നും അംബേക്കർ ട്വിറ്ററിലൂടെ അറിയിച്ചു.