നാഗ്‌പൂര്‍: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ (2024 Loksabha Polls) വോട്ട് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്‌ത് ആര്‍എസ്എസ് സര്‍സംഘ് ചാലക് (RSS Sarsangh Chalak) ഡോ. മോഹന്‍ഭഗവത് (Mohan Bhagwat). രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സ്വത്വവും പുരോഗതിയും കണക്കിലെടുത്ത് വേണം വോട്ട് രേഖപ്പെടുത്താന്‍. വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ഉണ്ടാവാനിടയുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍എസ്എസ് മേധാവി നിര്‍ദേശിച്ചു (RSS Chief Mohan Bhagwat On Upcoming Loksabha Polls).
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതികരണം:2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഡോ. മോഹന്‍ ഭഗവത് പ്രതികരിക്കുന്നത് ഇതാദ്യമായാണ്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരരാണ് മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് പിന്നിലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് പ്രസ്‌താവിച്ചു. നാഗ്‌പൂരില്‍ ആര്‍എസ്എസിന്‍റെ വാര്‍ഷിക വിജയ ദശമി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിശദീകരണം: വര്‍ഷങ്ങളായി കുക്കികളും മെയ്തെയ് വിഭാഗക്കാരും അവിടെ ഒരുമിച്ച് കഴിയുകയാണ്. പൊടുന്നനെ എങ്ങിനെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഈ അക്രമം ബാഹ്യശക്തികള്‍ക്കാണ് ഗുണം ചെയ്യുക. അക്രമത്തില്‍ ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നും ആരാണ് സംഘര്‍ഷത്തിന് എരിവ് പകര്‍ന്നതെന്നും അദ്ദേഹം ചോദിച്ചു.