ന്യൂഡൽഹി: മെയ് ഒന്ന് മുതൽ സംസ്ഥാനത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള 1.1 കോടി പേർക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. വാക്‌സിൻ വിതരണത്തിന് സർക്കാർ 880 കോടി രൂപ ചിലവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 28 മുതൽ വാക്‌സിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിൻ സ്വീകരിക്കുന്നവർ പണം അടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചതായും ഖട്ടാർ പറഞ്ഞു. ഇതിന് പുറമെ, പിജിഐ റോഹ്താക്കിൽ 1000 ഓക്‌സിജൻ കിടക്കകളും മറ്റ് മെഡിക്കൽ കോളജുകളിൽ 1250 ഓക്‌സിജൻ കിടക്കളും എത്തിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സൈന്യത്തിൽ നിന്നുള്ള ഡോക്‌ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും സംസ്ഥാനത്ത് നിയമിക്കുന്നുണ്ടെന്നും ഇതുവഴി അടൽ ബിഹാരി ആശുപത്രിയിൽ 200 കിടക്കകൾ സജ്ജമാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ രോഗികൾക്ക് കിടക്കകളും ഓക്‌സിജനും കിട്ടാതെ ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.