ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് മോദി കാലത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 5,35,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി മോദി ഭരണത്തില്‍ കൊള്ളയടിക്കപ്പെട്ടത്. ഇത്ര വലിയ അഴിമതി മുന്‍പ് ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
മോദി ഭരണം കൊണ്ട് മോദിക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ഗുണമുണ്ടായിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം 28 ബാങ്കുകളെ കബളിപ്പിച്ച് ഋഷി അഗര്‍വാളിന്‍റെ ഉടമസ്ഥതയിലുള്ള എബിജി ഷിപ്പ്‌യാഡ് വന്‍ തുക തട്ടിയ സംഭവത്തിലാണ് പ്രതികരണം.
നേരത്തെ നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി, ലളിത് മോദി തുടങ്ങിയവര്‍ വന്‍ തട്ടിപ്പുകള്‍ നടത്തി രാജ്യംവിട്ടിരുന്നു. വെട്ടിപ്പുകാര്‍ 'ഷെഹന്‍ഷയുടെ രത്നങ്ങള്‍' ആണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മോദിയെ ഷെഹന്‍ഷയെന്ന് രാഹുല്‍ പാര്‍ലമെന്‍റ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചിരുന്നു.
Also Read: Punjab Election 2022 | അമരീന്ദറിനെ മാറ്റിയത് പഞ്ചാബ് സര്‍ക്കാരിനെ ബിജെപി നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയെന്ന് പ്രിയങ്ക
22,842 കോടി രൂപയാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിജി ഷിപ്പ്‌യാഡ് കമ്പനി തട്ടിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും ബാങ്ക് തട്ടിപ്പുകാർക്കായി രക്ഷപ്പെടാനുള്ള പദ്ധതിയും മോദി സർക്കാർ ഒരുക്കി നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും ആരോപിച്ചിരുന്നു.