ശിവമോഗ (കർണാടക): തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ ഒഴുകുന്നത് കോടികൾ. കർണാടകയിലെ ശിവമോഗ ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ കണക്കിൽ പെടാത്ത പണവും കോടികള്‍ വിലവരുന്ന അരിയും സാരിയും പിടിച്ചെടുത്തതായി കർണാടക പൊലീസ് അറിയിച്ചു. ശനിയാഴ്‌ചയാണ് റെയ്‌ഡ് നടന്നത്. കണക്കിൽ പെടാത്ത 1.40 കോടി രൂപയുടെ കുഴൽപ്പണവുമാണ് പൊലീസ് പിടികൂടിയത്.
തുംഗ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകാൻ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ വാഹനത്തിൽ നിന്നാണ് പണം കണ്ടെത്തിയതെന്നും തുടർന്ന് പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സാഗർ റൂറൽ പ്രദേശത്ത് നിന്ന് കണ്ടെത്തിയത് 20 ലക്ഷം രൂപയാണ്. സാഗർ റൂറൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചെക്ക് പോസ്‌റ്റിൽ പൊലീസ് വാഹനത്തിൽ നിന്നാണ് 20 ലക്ഷം രൂപ പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായും പൊലീസ് വെളിപ്പെടുത്തി. രേഖകളില്ലാതെ ലോറിയിൽ കടത്തുകയായിരുന്ന 26 ക്വിന്‍റൽ അരിയും ശിവമോഗയിലെ വിനോബ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ലോറിയിൽ അരി കടത്തുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് തെരച്ചിൽ നടത്തിയത്.
ദൊഡപേട്ട് പൊലീസ് സ്‌റ്റേഷന് കീഴിലുള്ള ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ 4.50 കോടി രൂപയുടെ വിലയുള്ള സാരിയും പൊലീസ് പിടിച്ചെടുത്തിരുന്നു. ശിവമോഗയിലെ ശേഷാദ്രിപുരം സർക്കാർ സ്‌കൂളിനോട് ചേർന്നുള്ള ഗോഡൗണിൽ സാരികൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്‌ഡ് നടത്തിയത്. പിടിച്ചെടുത്ത സാരികൾ ജിഎസ്‌ടി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പട്രോളിങ്ങിൽ എക്സൈസ് വകുപ്പ് 3,21,939 രൂപയുടെ അനധികൃത മദ്യം പിടികൂടി. ഷിമോഗ താലൂക്കിലെ ദേവബാല ഗ്രാമത്തിന് സമീപം വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് അനധികൃത മദ്യം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന ഗിരീഷ് നായിക്കിനെ കസ്‌റ്റഡിയിലെടുത്തതായും ഇയാൾക്കെതിരെ കേസെടുത്തതായും എക്സൈസ് വകുപ്പ് വെളിപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന്:കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായി നടക്കും. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കനുസരിച്ച്, മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 9.59 കോടി രൂപയുടെ അനധികൃത സാധനങ്ങളാണ് പിടിച്ചെടുത്തത്. മാർച്ച് 29-ന് ചീഫ് ഇലക്‌ടറൽ ഓഫിസറുടെ ഓഫിസ് 7.87 കോടി രൂപയും 5.80 ലക്ഷം രൂപ വിലമതിക്കുന്ന 1,156.11 ലിറ്റർ മദ്യവും 21.77 ലക്ഷം രൂപ വിലമതിക്കുന്ന 39.25 കിലോഗ്രാം മയക്കുമരുന്നും കണ്ടെത്തിയിരുന്നു.
ഫ്ലയിങ് സ്‌ക്വാഡുകളും സ്‌റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകളും (എസ്‌എസ്‌ടി) പൊലീസും ചേർന്ന് ഇതുവരെ 172 എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ആദായനികുതി വകുപ്പ് 3.90 കോടി രൂപയും എക്‌സൈസ് വകുപ്പ് 11.66 കോടി രൂപ വിലമതിക്കുന്ന 1,93,051 ലിറ്റർ മദ്യവും 1.82 ലക്ഷം രൂപ വിലമതിക്കുന്ന 12 കിലോ മയക്കുമരുന്നും പിടിച്ചെടുത്തതായി സിഇഒയുടെ ഓഫിസ് അറിയിച്ചു.