റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റെയില്‍വേ പൊലീസ് കോണ്‍സ്‌റ്റബിള്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി. ഹാടിയയില്‍ നിന്നും പട്‌നയിലേയ്‌ക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.
ജൂണ്‍ 26ന് പാട്‌ന-ഹാടിയ എക്‌സ്‌പ്രസിലെ ടൂ ടയര്‍ എസി കോച്ചിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളോടൊപ്പം ഒരു സ്‌ത്രീ യാത്ര ചെയ്‌തത്. ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ സ്ഥലമായ ഡല്‍ട്ടോണ്‍ഗഞ്ചിലേക്കുള്ള യാത്രയിലായിരുന്നു മൂവരും. അര്‍ധരാത്രിയില്‍ ട്രെയിന്‍ കോഡെര്‍മയില്‍ എത്തിച്ചേര്‍ന്നു.
ഈ സമയം ട്രെയിനിലെ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ നിന്നും പെട്ടെന്ന് ഉണര്‍ന്ന സ്‌ത്രീ റെയില്‍വേ കോണ്‍സ്‌റ്റബിള്‍ തന്‍റെ മകളുടെ അരികെ ഇരിക്കുന്നതായും ലൈംഗികമായി ചൂഷണം ചെയ്യുന്നതായും ശ്രദ്ധിച്ചു. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാരും ഉണര്‍ന്നു.
സ്‌ത്രീയോടൊപ്പം ചേര്‍ന്ന് മറ്റ് യാത്രക്കാരും ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഈ സമയം മറ്റ് കംപാര്‍ട്ട്മെന്‍റിലെ കോണ്‍സ്‌റ്റബിള്‍മാരെത്തി യാത്രക്കാര അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ശേഷം, ഇവര്‍ കോണ്‍സ്‌റ്റബിളിനെ സ്ഥലത്ത് നിന്നും മാറ്റി.
പ്രതിക്കെതിരെ എഫ്‌ഐആര്‍:അടുത്ത ദിവസം ട്രെയിന്‍ റാഞ്ചി സ്‌റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടികളുടെ അമ്മ ജിആര്‍പി പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിയായ കോണ്‍സ്‌റ്റബിളിനെതിരെ പരാതി നല്‍കി. ജിആര്‍പി പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം കേസ്, സംഭവം നടന്ന കോഡെര്‍മെ പൊലീസ് സ്‌റ്റേഷന് കൈമാറി. പരാതി ലഭിച്ചയുടന്‍ തന്നെ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തുവെന്ന് ജിആര്‍പി സ്‌റ്റേഷന്‍ ഓഫിസര്‍ രൂപേഷ് കുമാര്‍ പറഞ്ഞു.
തീവണ്ടികളിൽ യാത്ര ചെയ്യുന്ന സ്‌ത്രീകളുടെയും യുവതികളുടെയും സുരക്ഷയിൽ ഈ സംഭവം ഗുരുതരമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോക്‌സോ വകുപ്പ് പ്രകാരം കോണ്‍സ്‌റ്റബിളിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ആലുവയിലെ കൊലപാതകം, കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പൊലീസ്:അതേസമയം, ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. വിശദമായ ഇൻക്വസ്‌റ്റിലാണ് പീഡനം നടന്നതായി സൂചന ലഭിച്ചത്. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ ഇതിൽ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ പിടിയിലായ അസ്‌ഫാക് ആലത്തെ കൂടാതെ മറ്റാരെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് മധ്യമേഖല ഡിഐജി എസ്. ശ്രീനിവാസ് ഐപിഎസ് പറഞ്ഞു. ആലുവയിൽ പ്രതി എത്തിയത് എന്തിനെന്ന് പരിശോധിക്കും.
കുട്ടിയുടെ മൃത ശരീരത്തിൽ പരിക്കുകൾ ഉണ്ട്. കൊല നടത്തിയതിനെ കുറിച്ച് പ്രതി പറഞ്ഞ കഥകൾ അന്വേഷിക്കും. മൃതദേഹത്തിന് ചുറ്റും മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള പ്രചോദനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതി ഇപ്പോൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം നടത്തും. ബിഹാർ പൊലീസിനോട് പിടിയിലായ പ്രതിയുടെ പശ്ചാത്തലം ചോദിക്കുന്നുണ്ട്.
അഫ്‌സാക്കിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി മൂന്ന് കല്ലുകൾ ചുറ്റിലും വച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഡിഐജി വിശദീകരിച്ചു.