മധ്യപ്രദേശ്: "ആഗ്രഹമെവിടെയുണ്ടോ അവിടെ മാർഗമുണ്ട്"... പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാട് പേർക്ക് പ്രചോദനം ഉണ്ടാക്കുന്ന ഒരു ചൊല്ലാണിത്. ഈ ചൊല്ലിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് മെഹ്‌ഗാവ് പട്ടണത്തിനടുത്തുള്ള അജ്‌നോൾ ഗ്രാമത്തിൽ താമസിക്കുന്ന റോഷ്‌നി ഭദോരിയ. മധ്യപ്രദേശിലെ പത്താം ക്ളാസ് പരീക്ഷയിൽ 98.5 ശതമാനം മാര്‍ക്കോടെ എട്ടാം റാങ്ക് നേടിയിരിക്കുകയാണ് റോഷ്‌നി എന്ന ഈ കൊച്ചു മിടുക്കി. സ്‌കൂളിലേക്ക് 24 കിലോ മീറ്റർ യാത്ര ചെയ്‌ത് പഠിച്ചാണ് റോഷ്‌നി ഉജ്ജ്വല വിജയം നേടിയത്. ഉന്നത വിജയം നേടിയതിന് പിന്നാലെ സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ഇമ്രാടി ദേവി റോഷ്‌നിയെ മധ്യപ്രദേശ് വനിതാ-ശിശു വികസന വകുപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
ഒന്നിന് പുറകെ ഒന്നായി സന്തോഷ വാർത്തകൾ വീട്ടിലേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് റോഷ്‌നിയുടെ കുടുംബം. വിദ്യാഭ്യാസം നേടുക എന്നത് റോഷ്‌നിയുടെ അതിയായ ആഗ്രഹം ആയിരുന്നെങ്കിലും ഏറ്റവും അടുത്തുള്ള സ്‌കൂള്‍ അവളുടെ ഗ്രാമത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായിരുന്നു. അത്തരം ഒരു സാഹചര്യത്തില്‍ എല്ലാ ദിവസവും സൈക്കിളില്‍ സ്കൂളിലേക്കും തിരിച്ചും 24 കിലോമീറ്റര്‍ സഞ്ചരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു റോഷ്‌നിക്ക്. ഒരിക്കലും പക്ഷേ ലക്ഷ്യം കൈവരിക്കുന്നതിനായി റോഷ്‌നി മുന്നോട്ട് പോകുകയായിരുന്നു. മഴക്കാലമായാല്‍ വെള്ളം കയറുന്ന പ്രദേശമാണ് അവളുടേത്. അതിനാൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന സമയം അവൾക്ക് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തിൽ അവൾ മുത്തശ്ശന്‍റെ വീട്ടില്‍ തങ്ങുകയാണ് പതിവ്. ഇങ്ങനെ നിരവധി പ്രതികൂല സാഹചര്യത്തിലും കഠിന പ്രയത്‌നത്തിലൂടെ കടന്ന് പോയാണ് എട്ടാം റാങ്ക് നേടി അവൾ വിജയിച്ചത്.