പ്രഖ്യാപനം മുതല്‍ ആരാധക ശ്രദ്ധ നേടിയ ചിത്രമാണ് 'വൃഷഭ' Vrushabha. എല്ലാ തലമുറകളിലും ആവേശം നിറയ്‌ക്കുന്ന ആക്ഷന്‍ എന്‍റര്‍ടെയിനറാണ് മോഹന്‍ലാല്‍ Mohanlal നായകനായി എത്തുന്ന തെലുഗു - മലയാളം ചിത്രം 'വൃഷഭ'. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകനായി എത്തുന്നത് തെലുഗു താരം റോഷന്‍ മെക ആണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ് റോഷന്‍ മെക. 'മോഹൻലാൽ സാറുമായി സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമായികാണുന്നു. ഒരു ചലഞ്ചിംഗ് വേഷമാണ്, എന്നാൽ കൂടിയും നന്ദ കുമാർ സാറിന്‍റെ വിഷൻ അനുസരിച്ച് പ്രയത്നിക്കാൻ തയ്യാറാണ്. ഈ വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു' - റോഷന്‍ മെക പറഞ്ഞു.
2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് 'വൃഷഭ' അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മകനും ചേരുന്ന നാടകീയമായ കഥയാണ് 'വൃഷഭ' പറയുന്നത്. സിനിമയ്‌ക്കായി കണക്‌ട് മീഡിയ, എവിഎസ് സ്‌റ്റുഡിയോ എന്നിവരുമായി ബാലാജി ടെലിഫിലിംസ് സഹകരിക്കുന്നു.
സിനിമയെ കുറിച്ച് നിര്‍മാതാക്കളും പ്രതികരിക്കുന്നുണ്ട്. എവിഎസ് സ്‌റ്റുഡിയോസിന്‍റെ അഭിഷോക് വ്യാസ് 'വൃഷഭ'യെ കുറിച്ച് പറയുന്നത് ഇങ്ങനെ - 'എല്ലാ ആരാധകർക്കും ഇഷ്‌ടപ്പെടുന്ന തരത്തിലാണ് കാസ്‌റ്റിംഗ് നടത്തിയിരിക്കുന്നത്. റോഷൻ വളരെ അധികം കഴിവുള്ള വ്യക്തിയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഈ കഥാപാത്രത്തെ റോഷൻ ഗംഭീരമാക്കുമെന്ന ഉറപ്പുണ്ട്. അദ്ദേഹം ചിത്രത്തിലേക്ക് എത്തുന്നത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടനടി പുറത്ത് വിടുന്നതായിരിക്കും' - അഭിഷോക് വ്യാസ് പറഞ്ഞു.