ചെന്നൈ :പൊലീസ് വകുപ്പിലെ 36 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച തമിഴ്‌നാട് ലോ ആന്‍റ് ഓര്‍ഡര്‍ ഡിജിപി സി ശൈലേന്ദ്ര ബാബു ഐപിഎസിന് റോപ്പ് പുള്ളിങ് ആദരം. നിലവിലെ ഡിജിപി ശങ്കർ ജിവാളും ചെന്നൈ പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡും ഉൾപ്പടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥർ ആണ് ഇന്നലെ ശൈലേന്ദ്ര ബാബുവിന് ആദരം അര്‍പ്പിച്ചത്. അദ്ദേഹത്തെയും ഭാര്യയേയും കാറില്‍ ഇരുത്തി വടം ഉപയോഗിച്ച് വാഹനം കെട്ടി വലിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
ഇതെന്ത് ആദരം ? അറിയാം റോപ്പ് പുള്ളിങ്ങിനെ കുറിച്ച് (Rope pulling): കേള്‍ക്കുമ്പോള്‍ വളരെ വ്യത്യസ്‌തമായി തോന്നുന്ന ഈ ആദരമര്‍പ്പിക്കല്‍ അല്ലെങ്കില്‍ ബഹുമതി തമിഴ്‌നാട് പൊലീസില്‍ നിലനില്‍ക്കുന്ന ഒന്നാണ്. ലോ ആന്‍റ് ഓര്‍ഡര്‍ ഡിജിപി ആവുക എന്നത് ഓരോ ഐപിഎസുകാരനെ സംബന്ധിച്ചും വലിയ സ്വപ്‌നമാണ്. ഈ ചുമതലയില്‍ എത്തുക എന്നത് അത്ര എളുപ്പമല്ല. ചിലര്‍ക്ക് മാത്രം ലഭിക്കുന്ന അസുലഭ പദവിയാണത്. ഈ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണയായി നല്‍കി വരുന്ന ആദരമാണ് റോപ്പ് പുള്ളിങ്.
വിരമിക്കുന്ന ഉദ്യോഗസ്ഥനെയും ഭാര്യയെയും വാഹനത്തില്‍ ഇരുത്തി ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രസ്‌തുത വാഹനം വടം ഉപയോഗിച്ച് കെട്ടി വലിക്കുന്നതാണ് റോപ്പ് പുള്ളിങ്. ഇത്തരത്തില്‍ വാഹനം വലിച്ച് ഡിജിപി ഓഫിസിന് മുന്നിലെത്തിക്കണം. പുതിയ ഡിജിപി, എഡിജിപി, ഐജി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും റോപ്പ് പുള്ളിങ്ങില്‍ പങ്കെടുക്കും.