കേരളം

kerala

ETV Bharat / bharat

മണ്ണില്‍ ചോര വീഴുന്ന, കോടികൾ മറിയുന്ന 'കോടി പണ്ടലു': കോഴിപ്പോരിന്‍റെ ചരിത്രവും വർത്തമാനവും: video - കോടി പണ്ടലു

ആയിരം കോടിയിലേറെ രൂപയാണ് ഓരോ വർഷവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മകരസംക്രാന്തിയിലെ കോഴിപ്പോരില്‍ മാറി മാറിയുന്നത്. ദേശങ്ങൾ തമ്മിലുള്ള പോരില്‍ വാശിയേറുമ്പോൾ പടവെട്ടാനിറങ്ങുന്ന പന്തയക്കോഴികൾ പൊരുതി മരിക്കും. അടങ്ങാത്ത പകയോടെ പന്തയത്തില്‍ തോറ്റവർ മടങ്ങും. നഷ്‌ടമായത് പണം മാത്രമല്ല, അഭിമാനം കൂടിയാണ്. പൊരുതി വീഴുന്ന പോരുകോഴിയുടെ ചോരയ്ക്ക് പകരം ചോദിക്കാൻ ഒരു വർഷത്തെ കാത്തിരിപ്പാണ്. ഗോദാവരിയുടെ തീരങ്ങളില്‍ പോരുകോഴിയെ ഒരുക്കുന്നത് ആ പകയോടെയാകും... ആന്ധ്രയുടെ മണ്ണില്‍ നാഗമ്മയ്ക്ക് മരണമില്ല. കോഴിപ്പോരിനും....

facts about Fighter roosters and cockfight for Sankranti  സംക്രാന്തി ആഘോഷം  കോഴിപ്പോര്  പോര് കോഴികൾ  പോര് കോഴികളുടെ പരിശീലനം  Fighter cocks in andhra pradesh  cockfight in andhra pradesh  കോഴി പന്തയം  ആന്ധ്രപ്രദേശിലെ കോഴിപ്പോര്  കോടി പണ്ടലു നാഗമ്മയുടെ കഥ  നായ്‌കരുലു നാഗമ്മ കോഴിപ്പോര്  rooster fight and cockfight  കോഴിപ്പോര് ചരിത്രം  cock fight history  കോടി പണ്ടലു  kodi pandalu
മണ്ണില്‍ ചോര വീഴുന്ന, കോടികൾ മറിയുന്ന 'കോടി പണ്ടലു': കോഴിപ്പോരിന്‍റെ ചരിത്രവും വർത്തമാനവും

By

Published : Jan 14, 2022, 2:29 PM IST

Updated : Jan 14, 2022, 4:39 PM IST

പോര് കോഴികൾ ശക്തിയുടെയും ആഭിജാതത്തിന്‍റെയും പര്യായമായാണ് കണക്കാക്കപ്പെടുന്നത്. കാലുകളിൽ മൂർച്ചയേറിയ കത്തി ഘടിപ്പിച്ച ഇവ പോർക്കളത്തിൽ തങ്ങളുടെ ഉടമകൾക്കു വേണ്ടി ജീവൻ പണയപ്പെടുത്തി പോര് നടത്തുന്നു.

എല്ലാ പൂവൻകോഴികളും പോരിന് അനുയോജ്യമല്ല. ഏതാവും പന്തയത്തിൽ കേമനാവുക, അവയെ എങ്ങനെ തിരിച്ചറിയാം, അവയ്ക്ക് എന്ത് ഭക്ഷണം നൽകാം, കോഴിയുടെ വിജയം എങ്ങനെ പ്രവചിക്കാം മുതലായവയെ കുറിച്ച് ചില കൗതുകമായ വിശേഷങ്ങൾ ഇതാ...

മണ്ണില്‍ ചോര വീഴുന്ന, കോടികൾ മറിയുന്ന 'കോടി പണ്ടലു': കോഴിപ്പോരിന്‍റെ ചരിത്രവും വർത്തമാനവും

സംക്രാന്തിയും കോഴിപ്പോരും

മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമാണ് ആന്ധ്രാപ്രദേശിലെ കോഴിപ്പോര്. ഗ്രാമവാസികൾക്ക് അവരുടെ പാരമ്പര്യവും പന്തയം വയ്പ്പുകാർക്ക് ആവേശവും കാഴ്ചക്കാർക്ക് ഉത്സവവുമാണ് കോഴിപ്പോര്. ലക്ഷങ്ങൾ വിലവരുന്ന കോഴികൾ തമ്മിലുള്ള യുദ്ധത്തിന് 'കോടി പണ്ടലു' എന്നാണ് തെലുങ്കില്‍ പറയുന്നത്. ബറി എന്ന് വിളിക്കുന്ന മൺനിലത്താണ് പോര് നടക്കുക.

പോരിൽ ശക്തനാകാൻ ഡയറ്റോടു കൂടിയ മെനു!

ജനിച്ച് രണ്ടാം മാസം മുതൽ കോഴികൾക്ക് നൽകാൻ തുടങ്ങുന്ന പ്രത്യേക പരിശീലനം 16 മുതൽ 18 മാസം വരെ നീളും. മിക്കയിടങ്ങളിലും മഴക്കാലത്തിനു ശേഷമോ ദസറ ഉത്സവകാലത്തോ ആണ് പോര് പരിശീലനം ആരംഭിക്കുക. 40 ദിവസത്തേക്ക് മഞ്ഞക്കരു ഇല്ലാത്ത മുട്ടയാണ് ഇവയ്ക്ക് ഭക്ഷണമായി നൽകുന്നത്.

കൂടാതെ 60 ദിവസത്തേക്ക് 6 മുതൽ 10 എണ്ണം വരെ ബദാം, 30 ഗ്രാം കൊത്തിയരിഞ്ഞ ഇറച്ചി, ബി-കോംപ്ലക്സ് ഗുളികകൾ എന്നിവ നൽകും. ഒന്നിടവിട്ട ദിവസങ്ങളിൽ കോഴികൾക്ക് ഉണക്കമുന്തിരി, മാതളനാരങ്ങ, ഈന്തപ്പഴം എന്നിവ നൽകും. വേവിച്ച കാരറ്റ്, ചീര, മല്ലിയില എന്നിവയും ഇവയുടെ ഭക്ഷണത്തിന്‍റെ ഭാഗമാണ്.

പരിശീലനത്തിലും ആരോഗ്യ പരിരക്ഷയിലും പുതുമ

ഭക്ഷണം പോലെ തന്നെ പരിശീലനത്തിന് മുമ്പുള്ള ആരോഗ്യ പരിരക്ഷയിലുമുണ്ട് പ്രത്യേകത. ആദ്യത്തെ കുറച്ച് ദിവസത്തേക്ക് പൂവൻകോഴിയെ പൂർണസൂര്യന് കീഴിൽ കെട്ടിയിടുന്നത് പതിവാണ്. അവയുടെ തൂവലുകൾ വേർപിരിഞ്ഞു തുടങ്ങുമ്പോഴേക്കും തണലിലേക്ക് മാറ്റും. കരുത്ത് മെച്ചപ്പെടുത്താൻ ആഴ്ചയിൽ ഒരിക്കൽ 10 മിനിറ്റ് നീളുന്ന നീന്തൽ അനിവാര്യമാണ്.

കൂടാതെ ശരീരത്തിൽ അധിക കൊഴുപ്പ് അടിയുന്നത് തടയാൻ ഇടക്കിടെ യൂക്കാലിപ്റ്റസ്, സോപ്പ് കായ (സോപ്പ് നട്ട്), മുള ഇലകൾ എന്നിവ ചേർത്ത വെള്ളം കൊണ്ട് ഒരു പ്രത്യേക കുളിയും നിർബന്ധമാണ്.

കഫക്കെട്ട് ഉണ്ടാകാതിരിക്കാൻ ഇടക്കിടെ ആവി പിടിപ്പിക്കും. ചിലയിടങ്ങളിൽ ഇതിനായി വിലകുറഞ്ഞ മദ്യവും ഉപയോഗിക്കാറുണ്ട്. പോരിനിടെയിലെ പരിക്കുകളെ ചെറുക്കാനും പാദങ്ങൾക്ക് മുഴുവൻ ശരീരഭാരത്തെയും വഹിക്കാനും ഇതിലൂടെ സാധിക്കുന്നു. ദിവസവും രണ്ട് മുതൽ നാല് മിനിറ്റ് വരെ മണലിൽ വേഗത്തിൽ നടത്തിക്കുന്നതും പരിശീലനത്തിന്‍റെ ഭാഗമാണ്.

ദിവസത്തിൽ രണ്ടുതവണ കോഴികൾക്ക് പരിശീലകരുടെ വക തിരുമ്മൽ സെഷനും ഉണ്ടാകും. വേഗത്തിൽ നീക്കങ്ങൾ നടത്താൻ പരിശീലിപ്പിക്കപ്പെടുന്നതോടൊപ്പം തന്നെ രോഗങ്ങളെ ചെറുക്കാൻ പതിവായി വാക്സിനേഷനും നൽകുന്നു.

പോര് പരിശീലിപ്പിക്കാൻ പ്രത്യേകം കേന്ദ്രങ്ങൾ

കിഴക്കൻ ഗോദാവരി ജില്ലയിൽ മാത്രം കോഴികൾക്കായി നൂറിലധികം പരിശീലന കേന്ദ്രങ്ങളാണുള്ളത്. ഇവയിൽ ഭൂരിഭാഗവും തടാകങ്ങളോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ചില കോഴികളെ തെങ്ങിൻ തോപ്പുകളിലും പരിശീലിപ്പിക്കാറുണ്ട്.

ചിലർ തങ്ങളുടെ കോഴികളെ പരിശീലിപ്പിക്കാൻ ഗ്രാമത്തിലെ തന്നെ പരിശീലകരെ സമീപിക്കുമ്പോൾ മറ്റു ചിലർ ഇതിനായി കൊൽക്കത്തയിൽ നിന്ന് പരിശീലകരെ എത്തിക്കുന്നു. ഇതിനുപുറമേ ഹൈദരാബാദിലെ ബർകാസ് എന്ന സ്ഥലത്ത് ഗുസ്തിക്കാരിൽ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ച പൂവൻകോഴികളെ വിലയ്ക്ക് വാങ്ങുന്നവരുമുണ്ട്.

പ്രതിമാസം 15,000 മുതൽ 25,000 രൂപ വരെയാണ് പരിശീലകർ ഈടാക്കുന്നത്. ശ്രീകാകുളം, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക കുടുംബങ്ങളെ എത്തിച്ച് പരിശീലന സൗകര്യങ്ങൾ നോക്കി ഉറപ്പുവരുത്തുന്നു.

ALSO READ:പോര് കോഴികളുടെ വില 2.6 ലക്ഷം വരെ; സംക്രാന്തിക്കായി തയാറെടുത്ത് ആന്ധ്രാപ്രദേശ്

പശ്ചിമ ഗോദാവരി ജില്ലയിലും കോഴി പരിശീലന കേന്ദ്രങ്ങൾ നടത്താറുണ്ട്. ചിലർ പാരമ്പര്യം നിലനിർത്താൻ ഇത്തരം കേന്ദ്രങ്ങൾ നടത്തുമ്പോൾ, മറ്റുചിലർക്ക് ഇത് വരുമാന മാർഗമാണ്. പരിശീലനത്തിന് പുറമേ, പോരിൽ വിജയിക്കുന്ന കോഴികളെ സങ്കരണം നടത്തി പുതിയ ഇനം കോഴികളെ വികസിപ്പിക്കുന്നതും ഇത്തരം കേന്ദ്രങ്ങളിൽ പതിവാണ്.

അച്ചന്ത, യലമഞ്ചിലി, ദേവരപ്പള്ളി, ജംഗറെഡ്ഡിഗുഡെം, പെഡവേഗി, ഭീമവാരം, പോഡുരു, പോളവാരം പ്രദേശങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും 150പരം കോഴികൾക്ക് പരിശീലനം നൽകിവരുന്നു.

വില മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ

പടിഞ്ഞാറൻ ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ ജില്ലകൾക്ക് പുറമേ നെല്ലൂർ, ചിറ്റൂർ ജില്ലകളിലെ ഏതാനും പ്രദേശങ്ങളും കോഴിപ്പോരുകൾക്ക് വേദിയാകാറുണ്ട്. പച്ച, കാക്കി, നെമലി, മൈല, അർത്തവരം എന്നിങ്ങനെയാണ് പ്രധാന പോരുകോഴികളുടെ പേരുകൾ. ആയിരം മുതല്‍ രണ്ടായിരം വരെ വിലയുള്ള കോഴിക്കുഞ്ഞുങ്ങളാണ് ഇതെല്ലാം.

കരുത്തും കൊലയാളി സഹജാവബോധവും അനുസരിച്ച് പോര് കോഴികൾക്ക് 15,000 മുതൽ മൂന്ന് ലക്ഷം രൂപ വരെ വില ഈടാക്കാറുണ്ട്. തൂവലിന്‍റെ നിറത്തിനനുസരിച്ചാണ് ഇവയുടെ വില നിശ്ചയിക്കുന്നത്. ഓൺലൈനായും പോര് കോഴികളെ ലേലം ചെയ്യാറുണ്ട്.

ചുരുക്കം ചില ഇനങ്ങൾ മറ്റുള്ള കോഴികളെ അപേക്ഷിച്ച് ശക്തരായി അറിയപ്പെടുന്നു. പലപ്പോഴും ഏറ്റവും കൂടുതൽ തവണ പോരിൽ വിജയിക്കുന്ന ഇനത്തെ മാത്രമാണ് വളർത്തുന്നതിനായി തെരഞ്ഞെടുക്കുന്നത്. സംക്രാന്തി നാളിലെ യഥാർഥ കോഴിപ്പോരിന് മുമ്പായി ഇവയെ പരിശീലന പോരാട്ടങ്ങൾക്ക് വിധേയരാക്കാറുണ്ട്.

സേലം, കോയമ്പത്തൂർ എന്നിവിടങ്ങൾക്ക് പുറമേ തായ്‌ലൻഡ്, പെറു എന്നിവിടങ്ങളിൽ നിന്നും പോര് കോഴികളെ ഇറക്കുമതി ചെയ്യാറുണ്ട്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന കോഴികളെ മികച്ച പോര് കോഴികളുമായി സങ്കരണം നടത്തുന്നു.

കോഴികൾക്ക് ജ്യോതിഷവും!

പോര് കോഴികളെ മത്സരത്തിനായി വളയത്തിനുള്ളിലേക്ക് അയയ്ക്കാൻ നല്ല സമയം നോക്കുന്ന പന്തയം വയ്പ്പുകാരുമുണ്ട്. ഇതിനായി കോഴികളുമായി ബന്ധപ്പെട്ട ജ്യോതിശാസ്ത്രമായ 'കുക്കുട ശാസ്ത്ര'ത്തെയാണ് ഇവർ വിശ്വസിക്കുന്നത്. കിഴക്ക്, പടിഞ്ഞാറൻ ഗോദാവരി ജില്ലകളിൽ ഈ ശാസ്ത്രം പിന്തുടരുന്നവർ അനവധിയാണ്.

ഒരു പ്രത്യേക സമയവും മണിക്കൂറും അനുസരിച്ച് ഓരോ കോഴിക്കും ദുർബലഘട്ടമുണ്ട്. ഈ സമയത്ത് കോഴികളെ പോരിന് ഇറക്കരുതെന്ന് ഈ ശാസ്ത്രം പറയുന്നു.

'കോടി പണ്ടലു' നാഗമ്മയുടെ കഥ

ദേശപ്പോരിന്‍റെയും പന്തയത്തിന്‍റെയും വാതുവെയ്പ്പിന്‍റെയും കഥകൾ മാത്രമല്ല ആന്ധ്രയിലെ കോഴിപ്പോരിന് പറയാനുള്ളത്. രാജ്യവും രാജാധികാരവും നിശ്‌ചയിക്കാൻ ശേഷിയുണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കഥയാണത്.

ചൂതില്‍ തോറ്റ് രാജ്യം നഷ്‌ടമായ പാണ്ഡവരെ പോലെ, കോഴിപ്പോരില്‍ ജയിച്ച് രാജ്യം സ്വന്തമാക്കിയ തെലുങ്ക് വീര നായികയുടെ ചരിത്ര കഥ കൂടിയാണ് കോടി പണ്ടലു. നായ്‌കരുലു നാഗമ്മ, ആ പേരിന് ആന്ധ്രയുടെ വീറും വാശിയുമുണ്ട്. തന്നോട് എതിർത്ത് നിന്ന നാട്ടുരാജാവിനെ കോഴിപ്പോരിന് വിളിച്ച് പരാജയപ്പെടുത്തി നാഗമ്മ കാടുകയറ്റി വിട്ടത് ചരിത്രം.

വനവാസത്തിന് ശേഷം തിരിച്ചെത്തിയെ നാട്ടുരാജാവ് പലനാട് യുദ്ധത്തിലൂടെ നാഗമ്മയെ പരാജയപ്പെടുത്തിയ കഥ കോടി പണ്ടലുവിന്‍റെ ബാക്കി പത്രമാണ്. ഓരോ പോരു കോഴിയും ബറിയില്‍ ഇറങ്ങുമ്പോൾ ഓർമയില്‍ തെളിയുന്നത് നാഗമ്മയുടെ പോരാട്ട വീര്യത്തിന്‍റെ കഥകളാണ്.

പാടിപ്പതിഞ്ഞ ആ കഥകളുടെ വീര്യത്തിന് ഇന്നും കുറവില്ല. കാലത്തിന് മാത്രമാണ് മാറ്റം സംഭവിച്ചത്. കോടതി നിരോധിച്ചിട്ടും ആന്ധ്രയുടെ മണ്ണില്‍ പോരുകോഴികൾ മകരസംക്രാന്തിയില്‍ പറന്നു പൊങ്ങും. പൊലീസും കോടതിയും കാഴ്‌ചക്കാരാകുമ്പോൾ രക്തം വീഴുന്ന ബറി മണ്ണില്‍ ജയപരാജയങ്ങൾക്കപ്പുറം പന്തയത്തിന്‍റെയും വാതുവെയ്പ്പിന്‍റെയും കോടികളുടെ പണക്കിലുക്കമുണ്ടാകും.

Last Updated : Jan 14, 2022, 4:39 PM IST

ABOUT THE AUTHOR

...view details