ഭണ്ഡാര (മഹാരാഷ്‌ട്ര) : കുടിക്കാത്തയാളുടെ പൂവൻകോഴി മദ്യത്തിനടിമ. ഭണ്ഡാര ജില്ലയിലെ പിപ്രി ഗ്രാമവാസിയായ ഭൗ കഠോറിന്‍റെ പൂവൻ കോഴിയാണ് കുറച്ചുമാസങ്ങളായി മദ്യത്തിന് അടിമപ്പെട്ടത്. മദ്യം കിട്ടിയില്ലെങ്കിൽ കോഴി ഭക്ഷണം കഴിക്കില്ല, വെള്ളം കുടിക്കുകയുമില്ല.
കോഴി വളർത്തലിൽ തത്പരനായ ഭൗ കഠോർ വിവിധ ഇനങ്ങളെ വളർത്തുന്നുണ്ട്. അതിൽ ഉൾപ്പെട്ടതാണ് ഈ പൂവനും. കഴിഞ്ഞ വർഷം രോഗം ബാധിച്ച് കോഴി ഭക്ഷണവും വെള്ളവും കഴിക്കാതെയായി.
കോഴി മദ്യപാനത്തിന് അടിമ, മദ്യം ഇല്ലെങ്കിൽ ഭക്ഷണം തൊടില്ല ഗ്രാമത്തിലെ ഒരാളുടെ നിർദേശപ്രകാരം കോഴിയെ രക്ഷിക്കാനായി കുറച്ച് മാസത്തേക്ക് നാടൻ മദ്യം നൽകി.ഇത് കിട്ടാതായതോടെ വിദേശമദ്യം നൽകിത്തുടങ്ങി. കുറച്ചുനാളുകൾക്ക് ശേഷം രോഗം ഭേദമായെങ്കിലും കോഴി മദ്യത്തിന് അടിമയായി.
മദ്യം കിട്ടാതെ ഭക്ഷണവും വെള്ളവും കഴിക്കാൻ തയാറാകാത്തതിനാല്‍ പൂവനുവേണ്ടി കുപ്പി വാങ്ങാൻ പ്രതിമാസം 2,000 രൂപ വരെയാണ് ഭൗ കഠോർ ചിലവഴിക്കേണ്ടിവരുന്നത്. വീട്ടിലെ പ്രിയപ്പെട്ട കോഴി മദ്യത്തിന് അടിമയായതിൽ ആശങ്കയിലാണ് കഠോറും കുടുംബാംഗങ്ങളും.
ലഹരിയില്‍ നിന്ന് മുക്തി നല്‍കണമെങ്കില്‍ ക്രമേണ അളവ് കുറച്ച് കോഴിയെ മദ്യപാനത്തിൽ നിന്ന് പിന്‍തിരിപ്പിക്കണമെന്നാണ് പ്രദേശത്തെ മൃഗഡോക്‌ടർ ഗുണ്വന്ത് ഭഡ്കെയുടെ നിർദേശം. കൂടാതെ മദ്യത്തിന്റെ മണമുള്ള വിറ്റാമിൻ മരുന്നുകൾ നൽകണമെന്നും മൃഗഡോക്‌ടർ പറയുന്നു.