ന്യൂഡൽഹി:യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ റൊമേനിയയില്‍ എത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി തർക്കിച്ച് റൊമേനിയൻ മേയർ. റൊമേനിയിയിലെ ഒരു ദുരിതാശ്വാസ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റൊമേനിയയിൽ പോയി പിആർ വർക്ക് നടത്താൻ ശ്രമിച്ച സിന്ധ്യയെ പരിഹസിച്ച് റൊമാനിയൻ മേയർ എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സിന്ധ്യ സംസാരിക്കുമ്പോൾ മേയർ തടസപ്പെടുത്തുകയും തുടർന്ന് കയർത്തു സംസാരിക്കുകയും ചെയ്യുന്നതാണ് 43 സെക്കന്‍റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. 'ഞാൻ എന്താണ് സംസാരിക്കാൻ പോകുന്നതെന്ന് ഞാൻ തീരുമാനിക്കും' എന്ന് സിന്ധ്യ പറയുന്നുണ്ടെങ്കിലും 'ഇവിടെ നിന്ന് എപ്പോൾ വീട്ടിലേക്ക് പോകും എന്നാണ് കുട്ടികളോട് പറയേണ്ടത്' എന്ന് മേയർ തിരിച്ച് പറയുന്നു.
പിന്നാലെ 'അവരോട് പറയാനുള്ളത് ഞാൻ പറഞ്ഞോട്ടെ, ദയവ് ചെയ്‌ത് തടസപ്പെടുത്താതിരിക്കൂ' എന്ന് സിന്ധ്യ മേയറോട് പറയുന്നു. എന്നാൽ ഇതിൽ രോക്ഷാകുലനായ മേയർ 'ഞാനാണ് അവർക്ക് അഭയം നൽകിയത്, അവർക്ക് ഭക്ഷണം നൽകിയത്, അവരെ സഹായിച്ചത്, അല്ലാതെ നിങ്ങളല്ല' എന്ന് സിന്ധ്യയോട് തിരിച്ചടിക്കുകയായിരുന്നു. ഈ മറുപടിക്ക് ഇന്ത്യൻ വിദ്യാർഥികൾ കൈയടിക്കുന്നതും വീഡിയോയിൽ കാണാം.
ALSO READ:കരുതലായി ഓപ്പറേഷന്‍ ഗംഗ; ദൗത്യത്തിന് 80 വിമാനം, മേല്‍നോട്ടത്തിന് 24 മന്ത്രിമാര്‍
പിന്നാലെ സിന്ധ്യ തന്‍റെ സംസാര ശൈലി മാറ്റുന്നതും വീഡിയോയിൽ കാണാം.' നാമെല്ലാവരും അഭയ കേന്ദ്രങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നു. ഇതാണ് നമ്മുടെ പദ്ധതി. കൂടാതെ റൊമേനിയൻ അധികാരികളോട് ഈ അവസരത്തിൽ എന്‍റെ നന്ദി ഞാൻ രേഖപ്പെടുത്തട്ടെ' സിന്ധ്യ പറഞ്ഞു. ക്യാമ്പിലെ വിദ്യാർഥികൾ പകർത്തിയ വീഡിയോ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.