ഇൻഡോർ :ഗാന്ധി കുടുംബത്തില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്ന് വ്യവസായിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വാദ്ര. നിരവധി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും പ്രയാസകരമായ അനുഭവങ്ങള്‍ നേരിടുകയുമുണ്ടായി.
ബുദ്ധിമുട്ടേറിയ സമയങ്ങൾ എന്നെ കൂടുതൽ ശക്തനാക്കുകയും കുറച്ചുകാര്യങ്ങളൊക്കെ പഠിക്കാൻ സഹായിക്കുകയുമുണ്ടായി. രാഷ്‌ട്രീയത്തെക്കുറിച്ച് ഞാന്‍ മനസിലാക്കുന്നു. ആളുകൾ എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ പ്രതിനിധീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.
10 വർഷമായി ഞാന്‍ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ചെയ്യുന്നു. ഇപ്പോള്‍ ചെയ്യുന്നതിലും കൂടുതൽ എനിക്ക് ചെയ്യാനുണ്ട്. രാഷ്ട്രീയത്തിൽ ചേരാൻ എത്ര സമയമെടുത്താലും പൊതുസേവനം തുടരും. രാഷ്ട്രീയത്തിൽ ചേർന്നതിന് ശേഷം എനിക്ക് കൂടുതല്‍ സേവനങ്ങള്‍ ചെയ്യാൻ കഴിയും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ സന്ദർശിക്കുന്നു.
ആളുകൾ എന്‍റെ പേര് നല്ല പ്രവൃത്തിയ്ക്കായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാമെന്നും റോബർട്ട് വാദ്ര പറഞ്ഞു. മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.