അഹമ്മദാബാദ് (ഗുജറാത്ത്) : അങ്കാഡിയ (കച്ചവടക്കാരുടെ പണം വിവിധ സ്ഥലങ്ങളിലെത്തിക്കാനുള്ള സ്ഥാപനം) ജീവനക്കാരെ ആയുധമുനമ്പില്‍ ബന്ദികളാക്കി 50 ലക്ഷം രൂപ കൊള്ളയടിച്ചു. അഹമ്മദാബാദ് - ഒധവിലെ, ഛോട്ടാലാൽ നി ചാലിന് സമീപമുള്ള അങ്കാഡിയ ഓഫിസിലാണ് സംഭവം. സംഭവ സമയത്ത് രണ്ട് ബിസിനസ് പങ്കാളികളും രണ്ട് തൊഴിലാളികളുമായിരുന്നു ഓഫിസിൽ ഉണ്ടായിരുന്നത്.
ഇവരെ ബൈക്കിലെത്തിയ അഞ്ച് പേർ ചേർന്ന് തോക്കുകളും കത്തികളും കാട്ടി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ മോഷ്‌ടിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഓഫിസ് ജീവനക്കാരെ മോഷ്‌ടാക്കൾ പുറത്തുനിന്നും പൂട്ടി.
സ്ഥാപനത്തിലെ സിസിടിവിയിൽ കവർച്ചയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. 20 വയസ് പ്രായം തോന്നിക്കുന്നവരാണ് മോഷ്‌ടാക്കൾ. കവർച്ചയ്ക്ക് ശേഷം മോഷ്‌ടാക്കൾ ഉപേക്ഷിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ വ്യാജ നമ്പർ പ്ലേറ്റായിരുന്നു വാഹനത്തിന് ഉണ്ടായിരുന്നത്.
ജീവനക്കാരെ ആയുധമുനമ്പില്‍ ബന്ദികളാക്കി 50 ലക്ഷം രൂപ കൊള്ളയടിച്ചു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അസിസ്റ്റന്‍റ് കമ്മിഷണർ എൻ.എൽ ദേശായി പറഞ്ഞു. കവർച്ചയ്‌ക്കിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അങ്കാഡിയ ഓഫിസിലുണ്ടായിരുന്നവരെ ഭയപ്പെടുത്താനാണ് തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ മോഷ്‌ടാക്കൾ ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.