ബക്‌സർ : 33 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ പിടികൂടി പൊലീസ്. ബിഹാറിലെ (Bihar) ബക്‌സറിലാണ് (Buxar) സംഭവം. ദുമ്‌റാവു (Dumrao) സബ് ഡിവിഷന് കീഴിലുള്ള കൃഷ്‌ണ ബ്രഹ്മ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദിയംഗഞ്ച് സ്വദേശിയായ ഝഞ്ചു (Jhanjtu) എന്ന കവർച്ചക്കാരനെയാണ് പൊലീസ് പിടികൂടിയത്.
നിരവധി കവർച്ച കേസുകളിൽ പ്രതിയായ ഇയാളെ 33 വർഷത്തിന് ശേഷമാണ് നാടകീയമായി പിടികൂടുന്നത്. 1990 മുതൽ ഇയാൾ ഒളിവിലായിരുന്നു. പൊലീസ് ഇയാളെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കണ്ടെത്താൻ കഴിഞ്ഞാലും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപ്പെടുമായിരുന്നു. പൊലീസിന്‍റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഇയാളെ പിടികൂടിയെന്ന് കൃഷ്‌ണ ബ്രഹ്മ പൊലീസ് സ്റ്റേഷൻ മേധാവി സന്തോഷ് കുമാർ പറഞ്ഞു.
'1990ൽ നിരവധി മോഷണം നടത്തി ഒളിവിലായിരുന്ന പ്രതിയെ 33 വർഷത്തിന് ശേഷം സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്‌തു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും' - പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാർ പറഞ്ഞു.
ഝഞ്ചു സ്വന്തം വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇയാളുടെ വീട് വളഞ്ഞത്. തുടർന്ന് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഒളിവിലായിരുന്ന കൊലക്കേസ് പ്രതിയും അറസ്റ്റിൽ: അതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്‌ത ജിതേന്ദ്ര റാം എന്ന മറ്റൊരു പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളും ഏറെ നാളായി ഒളിവിൽ കഴിയുകയായിരുന്നു.
ഇതുവരെ തീർപ്പാക്കാത്ത എല്ലാ കേസുകളും വേഗത്തിൽ നടപടികൾ പൂർത്തിയാക്കണമെന്ന് എസ്‌പി മനീഷ് കുമാർ നിർദേശം നൽകിയിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് പൊലീസ് സ്‌റ്റേഷൻ മേധാവികളുമായി എസ്‌പി യോഗം നടത്തുകയും ഇതുവരെ പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറണ്ടുകളും ഉടൻ ക്ലിയർ ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്‌തു. ഇത് കണക്കിലെടുത്ത് വിവിധ കേസുകളിലായി ഒളിവിൽ കഴിയുന്ന കുറ്റവാളികളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണക്കേസ് പ്രതിയുടെയും കൊലപാതകക്കേസിലെ പ്രതിയുടെയും അറസ്റ്റ്.
കൊലപാതകം നടന്നത് 2006ൽ, 17 വർഷത്തിനൊടുവിൽ പ്രതി പിടിയിൽ : കൊലപാതകം നടന്ന് 17 വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയ സംഭവം പത്തനംതിട്ടയിൽ നടന്നിരുന്നു. പുല്ലാട് രമാദേവി വധക്കേസിലെ പ്രതി കൊല്ലപ്പെട്ട സ്‌ത്രീയുടെ ഭർത്താവ് ജനാർദ്ദനൻ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയത് 17 വർഷങ്ങൾക്കിപ്പുറമായിരുന്നു. 2006 മെയ് 26നാണ് രമാദേവിയെ സ്വന്തം വീടിനകത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം പ്രതിയായ ജനാർദ്ദനൻ വീടും സ്ഥലവും വില്‍പ്പന നടത്തുകയും ചെയ്‌തു. രമാദേവി കൊല്ലപ്പെട്ട ദിവസം താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും വീട്ടിലെത്തുമ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു എന്നുമാണ് ജനാർദ്ദനൻ പൊലീസിനോട് പറഞ്ഞത്.
വാതിലിന് മുകളിലുള്ള വിടവിലൂടെ കൊളുത്ത് മാറ്റിയ ശേഷമാണ് താൻ അകത്തേക്ക് കടന്നതെന്നും ഇയാള്‍ പൊലീസിന് മൊഴി നൽകി. ശാസ്‌ത്രീയ അന്വേഷണത്തില്‍ ഇത്തരത്തില്‍ അകത്ത് കടക്കാന്‍ കഴിയില്ലെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യത്തിൽ ജനാർദ്ദനനെ പൊലീസ് സംശയിച്ചുവെങ്കിലും തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളെ കാണാതായതോടെ അന്വേഷണത്തിന്‍റെ ദിശമാറി. അയൽപ്പക്കത്ത് താമസിച്ചിരുന്ന ചുടലമുത്തുവിനെയും കൂടെ താമസിച്ചിരുന്ന സ്‌ത്രീയെയും പൊലീസ് പ്രതിപട്ടികയിൽ ചേർക്കുകയും ചെയ്‌തു.
More read :രമാദേവി വധം : പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു, കൊലപാതകം വിശദീകരിച്ച് ജനാര്‍ദ്ദനന്‍
ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. പ്രസവം നിര്‍ത്തിയ ഭാര്യ വീണ്ടും രണ്ട് തവണ ഗര്‍ഭിണിയായതാണ് ജനാർദ്ദനന്‍റെ സംശയം വർധിപ്പിച്ചത്. കൊലപാതകത്തിനിടെ ജനാർദ്ദനന്‍റെ മുടിയിഴകൾ രമാദേവി പിടിച്ചുവലിച്ചിരുന്നു. തുടർന്ന് രമാദേവിയുടെ കൈവെള്ളയിൽ നിന്ന് ജനാർദ്ദനന്‍റെ മുടിയിഴകൾ പൊലീസ് കണ്ടെത്തി. ഇതാണ് നിർണായക തെളിവായത്.