റോഡ് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ പൊലിയുന്നത് നിരവധി ജീവനുകളാണ്. ആഗോള തലത്തില്‍ ഏകദേശം 13.5 ലക്ഷം പേര്‍ ഒരു വര്‍ഷം റോഡപകടങ്ങളില്‍ മരിക്കുന്നുവെങ്കില്‍ ഇന്ത്യയില്‍ ഏതാണ്ട് 1.5 ലക്ഷം ആളുകളാണ് അപകടങ്ങളിൽ മരിക്കുന്നത്. ഇന്ത്യയിൽ ഒരു ദിവസവും 400ഓളം പേരാണ് അപകടങ്ങളിൽ മരിക്കുന്നത്. ഓരോ വര്‍ഷവും ആഗോള തലത്തില്‍ സംഭവിക്കുന്ന 13.5 ലക്ഷം റോഡപകട മരണങ്ങളുടെ ഏതാണ്ട് 11 ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. റോഡ് സുരക്ഷ ഇന്നും ഒരു മുഖ്യ പ്രശ്‌നമായി തുടരുകയാണ്.
ഓരോ ജീവനും വിലപ്പെട്ടതാണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞിരുന്നു. ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നീളുന്ന ദേശീയ റോഡ് സുരക്ഷാ മാസം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്, റോഡ് ഗതാഗത ഹൈവേ സഹമന്ത്രി ജനറല്‍ വി.കെ സിങും (റിട്ടയേര്‍ഡ്), നീതി ആയോഗ് സിഇഒ അമിതാബ് കാന്തും ചടങ്ങിൽ സന്നിഹിതരായിരുന്നു. 2030 ആകുമ്പോഴേക്കും റോഡപകടങ്ങളില്‍ കണക്ക് പ്രകാരം ഏഴ് ലക്ഷത്തോളം ആളുകള്‍ കൂടി മരിച്ചേക്കാം. 2025ന് മുന്‍പ് തന്നെ മരണങ്ങളും അപകടങ്ങളും 50 ശതമാനം കുറക്കുവാന്‍ രാജ്യത്തിന് കഴിയണമെന്നും മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.
2019ലെ റോഡപകട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 4,49002 അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് 151113 മരണങ്ങള്‍ക്കും 451361 പരിക്കുകള്‍ക്കും കാരണമായി. റോഡപകട മരണങ്ങളിൽ ഭൂരിഭാഗവും 18നും 60നും ഇടയിൽ പ്രായമുള്ളവരാണ്. കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ സഞ്ചാരികള്‍, ഇരുചക്രവാഹന യാത്രക്കാരുമാണ് പ്രധാനമായും റോഡപകടങ്ങളില്‍ പെടുന്നത്. റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണങ്ങളുടേയും ഗുരുതരമായ പരിക്കുകളുടേയും ഏതാണ്ട് 54 ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് സംഭവിക്കുന്നത്. “റോഡ് സുരക്ഷ എന്നത് സര്‍ക്കാരിന്‍റേയും പൗരന്മാരുടേയും സംയുക്തമായ ഉത്തരവാദിത്തമാണ്. ഓരോ നാല് മിനിട്ടിലും ഒരു മരണം സംഭവിക്കുന്നു. അതിനാല്‍ ചെറുതോ വലുതോ ആകട്ടെ അത് തടയുവാനുള്ള ഓരോ ചുവടുവെയ്പ്പും പ്രധാനമാണ്. കാരണം ഓരോ ജീവനും വിലപ്പെട്ടതാണെന്ന്'' നിരവധി വര്‍ഷങ്ങളായി റോഡ് സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കണ്‍സ്യൂമര്‍ വോയ്‌സ് എന്ന സിവില്‍ സമൂഹ സംഘടനയുടെ സിഒഒയും റോഡ് സുരക്ഷാ ശൃംഖലയുടെ ഭാഗവുമായ ശ്രീ ആഷിന്‍ സന്യാല്‍ പറയുന്നു
അപകടത്തിന് കാരണമാകുന്ന ഘടകങ്ങള്‍
ഹെല്‍മറ്റ്
ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ട് സംഭവിക്കുന്ന മരണങ്ങള്‍ കണക്കുകൾ പ്രകാരം 44666 ആണ്. ഇത് 2019ല്‍ രാജ്യത്തുടനീളം സംഭവിച്ച മൊത്തം റോഡപകട മരണങ്ങളുടെ 29.82 ശതമാനം വരും. മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതില്‍ 30148 ഇരുചക്രവാഹനം ഓടിച്ചവരാണ്.
തലക്കേല്‍ക്കുന്ന പരിക്കാണ് പ്രധാനപ്പെട്ട മരണകാരണം. ഇരുചക്രവാഹന അപകടങ്ങളിൽ നിരവധി പേര്‍ക്ക് പരിക്കും അംഗവൈകല്യങ്ങളും സംഭവിക്കുന്നു. മിക്ക ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുന്നില്ല. ധരിക്കുന്നവരിലാകട്ടെ ഭൂരിഭാഗവും നിലവാരമില്ലാത്ത ഹെല്‍മറ്റുകളാണ് ഉപയോഗിക്കുന്നത്. നല്ല നിലവാരമുള്ള ഹെല്‍മറ്റുകള്‍ ധരിച്ചാൽ തലക്കേല്‍ക്കുന്ന പരിക്കുകൾ ഒഴിവാക്കാനോ അല്ലെങ്കില്‍ പരിക്കിന്‍റെ കാഠിന്യം കുറയ്ക്കാനോ സാധിക്കും.
അമിത വേഗത
അമിത വേഗതയാണ് മറ്റൊരു പ്രധാനപ്പെട്ട ഗതാഗത നിയമ ലംഘനം. ഇത് 53366ത്തോളം (64.5 ശതമാനം) റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ദേശീയ പാതകളില്‍ സംഭവിക്കുന്ന റോഡപകടങ്ങളില്‍ ശരാശരി 71.6 ശതമാനവും സംഭവിക്കുന്നത് അമിത വേഗത മൂലമാണ്.
ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ സൃഷ്ടിക്കുന്ന റോഡപകടങ്ങള്‍ 2018-ലെ 37585 എന്ന കണക്കില്‍ നിന്നും 2019-ലെ 44358 എന്ന കണക്കിലേക്ക് വര്‍ധിച്ചിരിക്കുന്നു.
സീറ്റ് ബെല്‍റ്റുകള്‍
വാഹനമോടിക്കുന്ന വ്യക്തിക്കും വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും ഒരുപോലെ സുരക്ഷ നല്‍കുന്ന, നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ട ഒന്നാണ് സീറ്റ് ബെല്‍റ്റുകള്‍. ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ ഒഴികെ മറ്റ് വാഹനങ്ങളിലെല്ലാം ഇത് നിര്‍ബന്ധമാണ്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുന്ന എയര്‍ ബാഗുകള്‍ നല്‍കുന്ന സംരക്ഷണം ശരിക്കും ലഭിക്കണമെന്നുണ്ടെങ്കില്‍ അപകട സമയത്ത് സീറ്റ് ബെല്‍റ്റുകള്‍ കൂടി ധരിക്കണം. 2019ല്‍ സംഭവിച്ച 20885 റോഡപകട മരണങ്ങളുടെ കാരണം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കല്‍
2019ല്‍ തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് ഉണ്ടായ അപകടങ്ങളില്‍ 9200 പേര്‍ കൊല്ലപ്പെട്ടു. അത്തരം അപകട മരണങ്ങളിലെ നാലിലൊന്നും സംഭവിക്കുന്നത് ദേശീയ പാതകളിലാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതാണ് ഇതിന് പ്രധാന കാരണം. 2019ല്‍ ദേശീയ പാതകളില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം 2376 ആണ്.