ശ്രാവസ്‌തി : ഉത്തർപ്രദേശിലെ ശ്രാവസ്‌തിയില്‍ ദേശീയപാത 730ലുണ്ടായ കാർ അപകടത്തിൽ ആറ് പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. ഇകൗന പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് രാവിലെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
ആറ് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു എന്ന് ശ്രാവസ്‌തി പൊലീസ് സൂപ്രണ്ട് പ്രാചി സിങ് പറഞ്ഞു. ശൈലേന്ദ്രകുമാർ (30), മുകേഷ് കുമാർ (28), രമാദേവി (42), ഹരീഷ് കുമാർ (42), വീരു എന്ന അമിത് ഗുപ്‌ത (8), പുട്ടിലാൽ എന്ന അർജുൻ(25) എന്നിവരാണ് മരിച്ചത്. ബബ്ലു (34), സുന്ദര (30), സുരേഷ് കുമാർ (42), നീതു (28), രോഹിത് (8), നങ്കെ (35), നീലം, ലാഡോ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ എട്ട് പേരെയും ബഹ്‌റൈച്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റി. 5 പേരുടെ നില ഗുരുതരമാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് വാഹനം സംഭവ സ്ഥലത്ത് നിന്ന് മാറ്റിയത്. ലുധിയാനയിലേക്ക് പോവുകയായിരുന്ന എസ്‌യുവി കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം : റായ്‌ഗഡിലെ പഴയ പൂനെ, മുംബൈ ഹൈവേയിൽ ഖോപോളി മേഖലയിൽ വച്ച് സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. 25ഓളം പേർക്ക് പരിക്കേറ്റു. പൂനെയിൽ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Also read :സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്