പട്‌ന(ബിഹാര്‍):ഇന്ത്യന്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തേണ്ട ചിത്രങ്ങള്‍ സംബന്ധിച്ചുള്ള വിവാദത്തില്‍ പങ്ക് ചേര്‍ന്ന് ആര്‍ജെഡിയും. തങ്ങളുടെ നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ചിത്രവും മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഇന്ത്യന്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദുദൈവങ്ങളായ ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളാണ് വിവാദത്തിന് തുടക്കമിട്ടത്.
ആര്‍ജെഡി ജനറല്‍ സെക്രട്ടറി അരുണ്‍കുമാറാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കിടന്ന ലാലു പ്രസാദിന്‍റെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ലാലുപ്രസാദിന്‍റെയും ചിത്രങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് നിലയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുമെന്ന വാദമാണ് അരവിന്ദ് കെജ്‌രിവാളും ഉയര്‍ത്തിയത്.