റാഞ്ചി(ജാര്‍ഖണ്ഡ്): ആര്‍ജെഡിയും ജെഎംഎമ്മും 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് തേജ്വസി യാദവിന്‍റെ പ്രതികരണം.
ജാര്‍ഖണ്ഡിലെ രാഷ്‌ട്രീയ വെല്ലുവിളികളെ കുറിച്ചും വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും ഹേമന്ത് സോറനുമായി സംസാരിച്ചെന്ന് തേജ്വസി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ജാര്‍ഖണ്ഡിലെ ആര്‍ജെഡിയുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജാര്‍ഖണ്ഡ് സന്ദര്‍ശനം താന്‍ മുന്‍പെ പദ്ധതിയിട്ടതായിരുന്നു.
എന്നാല്‍ പിതാവ് ലാലു പ്രസാദിന്‍റെ ആരോഗ്യനില ആ സമയത്ത് മോശമായി. കൂടാതെ ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കാര്യങ്ങളിലും മുഴുകേണ്ടി വന്നു. ആ സാഹചര്യത്തിലാണ് ജാര്‍ഖണ്ഡ് സന്ദര്‍ശനം മാറ്റിവയ്‌ക്കേണ്ടി വന്നത്.
ബിഹാറില്‍ ആര്‍ജെഡിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പോരാട്ടം വര്‍ഗീയ ശക്തികളുമായാണ്. ബിഹാറില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് മഹാസഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ജാര്‍ഖണ്ഡില്‍ തങ്ങളുടെ മുന്നണി ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടുകള്‍ നേടാനായി തരം താണ രാഷ്‌ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും തേജ്വസി യാദവ് ആരോപിച്ചു.