കേരളം

kerala

By

Published : May 14, 2021, 12:23 PM IST

ETV Bharat / bharat

ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് അണുബാധ ഉയരുന്നു

കൊവിഡ്-19നു നല്‍കുന്ന ചികിത്സയുടെ ഭാഗമായി സ്റ്റീറോയിഡുകള്‍ നല്‍കിയിട്ടുള്ള രോഗികളിലാണ് ഈ പ്രശ്‌നം കണ്ടു വരുന്നത് എന്ന് നിരീക്ഷിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ള അല്ലെങ്കില്‍ അണുക്കളോടും അസുഖങ്ങളോടും പൊരുതുവാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയുന്നതു മൂലം അതിനുവേണ്ടി മരുന്ന് സ്വീകരിക്കുന്നവരിലാണ് മ്യൂകോര്‍മൈകോസിസ് മുഖ്യമായും കണ്ടു വരുന്നത്.

Black Fungal infections Rising cases of Black Fungal infections in India Mucormycosis Black Fungal ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ ബ്ലാക്ക് ഫംഗസ് രോഗബാധ മ്യൂകോര്‍മൈകോസിസ് സൈനസൈറ്റിസ്
ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ

ഹൈദരാബാദ്: ഈ അടുത്ത കാലത്ത് അതിതീവ്രമായ രീതിയില്‍ കൊവിഡ് ബാധിച്ച് രോഗമുക്തരായ നിരവധി ആളുകളില്‍ ബ്ലാക്ക് ഫംഗസ് അണുബാധ അല്ലെങ്കില്‍ മ്യൂകോര്‍മൈകോസിസ് എന്ന രോഗം ബാധിക്കുന്നത് വലിയ ഉല്‍കണ്ഠകളാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം രാജ്യത്തുടനീളമുള്ള ജനങ്ങളെ തീര്‍ത്തും വലച്ചിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അതിന്‍റെ കൂടെ രോഗമുക്തരായവരില്‍ ഈ പുതിയ സങ്കീര്‍ണ്ണത കൂടി ഉടലെടുക്കുന്നത് ഏറെ ഉല്‍കണ്ഠ നല്കുന്നു. രോഗ ലക്ഷണങ്ങള്‍ അവഗണിച്ച് ചികിത്സ വൈകിപ്പിച്ചാല്‍ അണുബാധ ശരീരത്തില്‍ അതിവേഗം പടരുകയും ചിലപ്പോള്‍ മരണ കാരണം തന്നെ ആവുകയും ചെയ്യാം എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്തൊരു മാര്‍ഗനിര്‍ദേശം ഐസിഎംആര്‍ പുറത്തിറക്കുകയുണ്ടായി.

ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് അണുബാധ കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു! അതിനെ കുറിച്ച് അറിയേണ്ടത് എന്തൊക്കെ?

നിലവില്‍ കൊവിഡിന്‍റെ പുതിയ വകഭേദവുമായുള്ള പോരാട്ടത്തില്‍ അങ്ങേയറ്റം തളര്‍ന്നു നില്‍ക്കുകയാണ് നമ്മുടെ രാജ്യത്തുള്ള എല്ലാവരും. അതിനിടയിലാണ് രോഗമുക്തിക്ക് ശേഷമുണ്ടാകുന്ന ഒരു സങ്കീര്‍ണത പുതിയ ഒരു ദുരന്തം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മ്യൂകോര്‍മൈകോസിസ് എന്നും പേരുള്ള ബ്ലാക്ക് ഫംഗസ് അണുബാധ കൊവിഡ് മുക്തരായ രോഗികളില്‍ ധാരാളമായി കണ്ടു വരുന്നുണ്ട്. കൃത്യമായ സമയത്ത് ചികിത്സ കിട്ടാതെ വന്നാല്‍ അത് ശരീരത്തില്‍ അതിവേഗം പടര്‍ന്നു പിടിച്ച് അതീവ സങ്കീര്‍ണമായി മാറുകയോ ജീവഹാനി സംഭവിക്കുകയോ വരെ ചെയ്യാം. അനിയന്ത്രിതമായ പഞ്ചസാരയുടെ തോതുമായി അതിശക്തമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഈ അണുബാധ. കൊവിഡ്-19നു നല്‍കുന്ന ചികിത്സയുടെ ഭാഗമായി സ്റ്റീറോയിഡുകള്‍ നല്‍കിയിട്ടുള്ള രോഗികളിലാണ് ഈ പ്രശ്‌നം കണ്ടു വരുന്നത് എന്ന് നിരീക്ഷിച്ചിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോത് കുത്തനെ ഉയര്‍ത്തുവാന്‍ കാരണമാകുന്ന ഒരു ഘടകമാണ് സ്റ്റീറോയിഡുകള്‍. പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. കൃത്യമായ സമയത്ത് രോഗം സ്ഥിരീകരിച്ച് വേണ്ട ചികിത്സ നല്‍കിയാല്‍ ഈ അസുഖത്തെ തടയുവാന്‍ കഴിയും.

എന്താണ് മ്യൂകോര്‍മൈകോസിസ്?

“മ്യൂകോര്‍മൈസെറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഘം മോള്‍ഡുകള്‍ (പൂപ്പുകള്‍) മൂലമുണ്ടാകുന്ന ഗുരുതരവും എന്നാല്‍ വളരെ വിരളവുമായ ഒരു ഫംഗസ് അണുബാധയാണ്'' മ്യൂകോര്‍മൈകോസിസ് എന്നാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ (സിഡിസി) നിര്‍വചിക്കുന്നത്. ഈ പൂപ്പുകള്‍ അന്തരീക്ഷത്തില്‍ ഉടനീളമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ള അല്ലെങ്കില്‍ അണുക്കളോടും അസുഖങ്ങളോടും പൊരുതുവാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയുന്നതു മൂലം അതിനുവേണ്ടി മരുന്ന് സ്വീകരിക്കുന്നവരിലാണ് മ്യൂകോര്‍മൈകോസിസ് മുഖ്യമായും കണ്ടു വരുന്നത്. മൂക്കിലൂടെ ശ്വസിക്കുമ്പോള്‍ പൂപ്പലിന്‍റെ ചെറുകണികകള്‍ വായുവില്‍ നിന്നും കയറി സൈനസുകളേയും ശ്വാസകോശത്തേയും ബാധിക്കുകയാണ് ചെയ്യുന്നത്. ഇതിനു പുറമെ ശരീരത്തിലെ തൊലിപ്പുറത്തുണ്ടാകുന്ന മുറിവ്, പൊള്ളല്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ചര്‍മ്മ പരിക്കുകള്‍ എന്നിവയിലൂടേയും ഇത് ഉണ്ടാകാം.

Also Read:കൊവിഡ് രണ്ടാം തരംഗം കുട്ടികളില്‍ എങ്ങനെ ?

ഈ രോഗവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങള്‍, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍, ബന്ധപ്പെടേണ്ട വിദഗ്ധര്‍

കൊവിഡില്‍ നിന്നും മുക്തി നേടിയ ശേഷം ഈ പ്രത്യേക തരത്തിലുള്ള അണുബാധ ഉണ്ടായതായി പറയുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ ഉല്‍കണ്ഠയുണര്‍ത്തുന്നതായി മാറിയിട്ടുണ്ട്. അതിനാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഐസിഎംആര്‍ പരാമര്‍ശിച്ചിരിക്കുന്ന, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.

ആര്‍ക്കൊക്കെയാണ് ഈ രോഗം വരാന്‍ സാധ്യതയുള്ളത്?

* അനിയന്ത്രിതമായ പ്രമേഹ രോഗമുള്ളവര്‍.

* സ്റ്റീറോയിഡുകളിലൂടെ ഇമ്മ്യൂണോസപ്രഷന്‍ (ജൈവ സംയുക്തം ഉപയോഗിച്ചുള്ള ചികിൽസ-രോഗപ്രതിരോധ വ്യവസ്ഥയെ തടയൽ) നടത്തിയവര്‍.

* ദീര്‍ഘകാലം ഐസിയുവില്‍ കിടന്നവര്‍.

* അനുബന്ധ രോഗമുള്ളവര്‍ - അവയവ മാറ്റം/അര്‍ബുദ രോഗ ചികിത്സ കഴിഞ്ഞവര്‍.

* വോറികൊണാസോള്‍ (ഫംഗസ് വിരുദ്ധ മരുന്ന്) ചികിത്സ നേടിയവര്‍.

ശ്രദ്ധിക്കേണ്ട രോഗ ലക്ഷണങ്ങള്‍

- സൈനസൈറ്റിസ് - മൂക്കില്‍ തടസം അല്ലെങ്കില്‍ മുക്കടപ്പ്, മൂക്കില്‍ നിന്നും കറുത്ത നിറത്തിലോ രക്തത്തോടു കൂടിയോ ഒലിപ്പ്, താടിയെല്ലില്‍ നിശ്ചിത ഇടത്ത് മാത്രമായി വേദന.

- മുഖത്തിന്‍റെ ഒരു ഭാഗത്ത് മാത്രം വേദന, തരിപ്പ്, അല്ലെങ്കില്‍ വീക്കം.

- മൂക്കിന്‍റെ പാലത്തിനു മുകളില്‍ കറുത്ത നിറത്തിലുള്ള പാടുകള്‍ ഉണ്ടാകല്‍.

- പല്ലുവേദന, പല്ലുകള്‍ അയഞ്ഞുപോവുക, ജോ ഇന്‍വോള്‍വ്‌മെന്‍റ് (കിഴത്താടി ഇറക്കം അല്ലെങ്കിൽ ദുർബല താടി).

- വേദനയോടു കൂടിയ മങ്ങിയ അല്ലെങ്കില്‍ ഇരട്ട കാഴ്ച, പനി, ചര്‍മ്മത്തില്‍ വിള്ളല്‍, ത്രോംബോസിസും (നാഡീരക്ത പ്രതിബന്ധനം) നെക്രോസിസും അല്ലെങ്കിൽ കോശമരണം (എസ്ചര്‍).

- നെഞ്ചുവേദന, ശ്വാസകോശാവരണ സ്രാവം (പ്ലിയൂറല്‍ എഫ്യൂഷന്‍), ഹീമോപ്റ്റിസിസ് (രകതമോ രക്തം കലർന്ന കഫമോ ശ്വാസകോശത്തിൽ നിന്നു പുറത്തു വരൽ), ശ്വാസ സംബന്ധമായ ലക്ഷണങ്ങള്‍ വഷളാകല്‍.

Also Read:മധ്യപ്രദേശില്‍ ആശങ്ക സൃഷ്ടിച്ച് കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ്

ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും

ചെയ്യാവുന്നത്:

1. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍.

2. കൊവിഡ് ചികിത്സ കഴിഞ്ഞതിനു ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്‍റെ തോത് നിരീക്ഷിക്കുക. അതോടൊപ്പം പ്രമേഹവും നിരീക്ഷിക്കുക.

3. സ്റ്റീറോയിഡുകള്‍ യുക്തിസഹമായി ഉപയോഗിക്കുക-കൃത്യ സമയത്ത്, കൃത്യ ഡോസ്, കൃത്യമായ കാലയളവ്.

4. ഓക്‌സിജന്‍ തെറാപ്പി നല്‍കുന്ന വേളയില്‍ ശുദ്ധവും സ്‌റ്റെറൈലുമായ വെള്ളം ഹ്യുമിഡിഫയറില്‍ ഉപയോഗിക്കണം.

5. ആന്‍റിബയോട്ടിക്കുകള്‍ അല്ലെങ്കില്‍ ആന്‍റീഫംഗലുകള്‍ യുക്തിസഹമായി ഉപയോഗിക്കുക.

ചെയ്യാന്‍ പാടില്ലാത്തത്:

1. മുന്നറിയിപ്പ് സൂചനകളും ലക്ഷണങ്ങളും കണ്ടില്ലെന്ന് നടിക്കരുത്.

2. മൂക്കടപ്പ് ഉണ്ടാകുന്ന എല്ലാ അവസരങ്ങളും ബാക്ടീരിയ കൊണ്ടുണ്ടാകുന്ന സൈനസൈറ്റിസ് ആയി പരിഗണിക്കാന്‍ പാടില്ല. പ്രത്യേകിച്ച് ഇമ്മ്യൂണോസപ്രഷന്‍ അല്ലെങ്കില്‍ കൊവിഡ് രോഗികളില്‍ ഇമ്മ്യൂണോമോഡുലേറ്ററുകള്‍ ഉപയോഗിച്ചിട്ടുള്ള പശ്ചാത്തലത്തില്‍.

3. ഫംഗല്‍ എറ്റിയോളജി കണ്ടു പിടിക്കുന്നതിനാവശ്യമായ തീവ്രമായ പരിശോധനകള്‍ നടത്തുന്നതിനോട് വിമുഖത കാട്ടരുത്. (കെഒഎച്ച് സ്‌റ്റെയിനിങ്ങ് ആന്‍റ് മൈക്രോസ്‌കോപ്പി, കള്‍ചര്‍, മാല്‍ഡി-ടോഫ്).

4. മ്യൂകോര്‍മൈകോസിസിനുള്ള ചികിത്സ ആരംഭിക്കുന്നതിനുള്ള നിര്‍ണായക സമയം വൈകിപ്പിക്കരുത്.

അതിനാല്‍ ബ്ലാക്ക് ഫംഗസ് അണുബാധയുടെ ലക്ഷണങ്ങള്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ഉണ്ടെന്ന് കണ്ടാല്‍ ഇനി എന്ത് ചികിത്സയാണ് ആവശ്യമുള്ളത് എന്നറിയുന്നതിനായി ഉടനടി തന്നെ ഡോക്ടറുമായി ബന്ധപ്പെടുക. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും സമീപിക്കാവുന്നതുമായ ചില മെഡിക്കല്‍ സംഘങ്ങളെ ഐസിഎംആര്‍ ഇവിടെ എടുത്തു പറഞ്ഞിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:

- മൈക്രോബയോളജിസ്റ്റ്

- ഇന്‍റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റ്

- ഇന്‍റന്‍സിവിസ്റ്റ്

- ന്യൂറോളജിസ്റ്റ്

- ഇഎന്‍ടി സ്‌പെഷലിസ്റ്റ്

- നേത്രരോഗ വിദഗ്ധന്‍

- ദന്തരോഗ വിദഗ്ധന്‍

- ശസ്ത്രക്രിയാ വിദഗ്ധന്‍ (മാക്‌സിലോഫേഷ്യല്‍/പ്ലാസ്റ്റിക്)

- ബയോകെമിസ്റ്റ്

ABOUT THE AUTHOR

...view details