ഇൻഡോർ : ആഭ്യന്തര റൂട്ടുകളിലെ വിമാന സർവീസുകൾ വിപുലീകരിച്ചത് യാത്രാനിരക്ക് കുറയ്ക്കുന്നതിന് സഹായകമായെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇൻഡോറിനെ ഗുജറാത്തിലെ സൂറത്ത്, രാജസ്ഥാനിലെ ജോധ്പൂർ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ആറ് പുതിയ ഇൻഡിഗോ വിമാനങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര റൂട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ചില നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് സെക്കൻഡ് ക്ലാസ് ട്രെയിൻ എസി കമ്പാർട്ടുമെന്‍റുകളുടേതിനേക്കാള്‍ കുറവാണ്. സാധാരണക്കാരും വിമാനത്തിൽ പറക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. അതിനാലാണ് ചെറിയ നഗരങ്ങളിലും വിമാനത്താവളങ്ങൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ, ജാർഖണ്ഡ്, അസം മുതലായ നിരവധി സംസ്ഥാനങ്ങളിലെ ചെറുപട്ടണങ്ങളിലേക്ക് വിമാന സർവീസുകൾ വിപുലീകരിച്ചതോടെ ഇവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം പ്രതിമാസം രണ്ട് ലക്ഷമായി ഉയർന്നു. ജൂലൈയിൽ സിവിൽ ഏവിയേഷൻ മന്ത്രിയാകുന്നതിന് മുമ്പ് തന്‍റെ സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിൽ പ്രതിവാരം 554 വിമാന സർവീസുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 833 എന്ന നിലയിലേക്ക് ഉയർന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.