മുംബൈ:ബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലാഹിരിയുടെ മരണത്തിൽ അനുശോചിച്ച് സിനിമാലോകം. ഇന്ത്യൻ സംഗീത ലോകത്തിന്‍റെ 'രത്നമാണ്' ബപ്പി ലാഹിരിയെന്ന് ബോളിവുഡ് താരങ്ങൾ അനുസ്‌മരിച്ചു. 80കളിലും 90കളിലും ബോളിവുഡ് സംഗീത ലോകത്തെ ഇളക്കി മറിച്ച ജനപ്രിയ സംഗീത സംവിധായകനാണ് ബപ്പി ലാഹിരി.
സിനിമ പ്രേക്ഷകരെ ചിരിപ്പിക്കാനും നൃത്തം ചെയ്യിപ്പിക്കാനും ബപ്പി ലാഹിരിയുടെ ഗാനങ്ങൾക്ക് സാധിച്ചുവെന്ന് സിനിമ താരം അക്ഷയ് കുമാർ. സംഗീതമേഖലയിലെ ഒരു രത്നത്തെ കൂടി നമുക്ക് നഷ്‌ടമായെന്നും താങ്കളുടെ ശബ്‌ദം ഞാനടക്കമുള്ള ലക്ഷക്കണക്കിന് പേർക്ക് നൃത്തം ചെയ്യാനുള്ള പ്രചോദനമായെന്നും അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. സംഗീതത്തിലൂടെ സന്തോഷം കൊണ്ടു വന്ന അങ്ങേക്കുള്ള നന്ദി അറിയിക്കുന്നുവെന്നും അക്ഷയ് കുമാർ അനുസ്‌മരിച്ചു.
സംഗീതത്തിലൂടെ ലോകത്തേക്ക് സന്തോഷം കൊണ്ടുവരികയായിരുന്നു ബപ്പി ലാഹിരി ചെയ്‌തതെന്ന് വിദ്യാബാലൻ അനുസ്‌മരിച്ചു. 2011ൽ പുറത്തിറങ്ങിയ ഡേർട്ടി പിക്‌ച്ചർ എന്ന സിനിമയിലെ ഗാനത്തിന്‍റെ ഭാഗമായിരുന്നു അദ്ദേഹം.
'ഹിന്ദി സിനിമയിലെ ഡിസ്‌കോ കിങ്'
ഹിന്ദി സിനിമയിലെ 'ഡിസ്‌കോ കിങ്' ആണ് ബപ്പി ലാഹിരിയെന്ന് എ.ആർ റഹ്‌മാൻ അനുസ്‌മരിച്ചു. മണിര്തനം സംവിധാനം ചെയ്‌ത ഗുരു എന്ന ചിത്രത്തിൽ ഇരുവരും ചേർന്ന് പ്രവർത്തിച്ചിരുന്നു.