ന്യൂഡൽഹി: ചരിത്ര സ്‌മാരകമായ കുത്തബ് മിനാറിന്‍റെ പേര് 'വിഷ്‌ണു സ്‌തംഭം' എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. യുണൈറ്റഡ് ഹിന്ദു ഫ്രണ്ടിന്‍റെ അന്താരാഷ്‌ട്ര വർക്കിങ് പ്രസിഡന്‍റ് ഭഗവാൻ ഗോയലിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കുത്തബ് മിനാറിന്‍റെ പുറത്ത് തമ്പടിച്ച സംഘം ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു. മുപ്പതോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
കുത്തബ് മിനാറിന്‍റെ പേര് 'വിഷ്‌ണു സ്‌തംഭം' എന്നാക്കണം: പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ - യുണൈറ്റഡ് ഹിന്ദു ഫ്രണ്ടിന്‍റെ നേത്യത്വത്തിൽ കുത്തബ് മിനാറിന് മുന്നിൽ പ്രതിഷേധം
യുണൈറ്റഡ് ഹിന്ദു ഫ്രണ്ടിന്‍റെ അന്താരാഷ്‌ട്ര വർക്കിങ് പ്രസിഡന്‍റ് ഭഗവാൻ ഗോയലിന്‍റെ നേതൃത്വത്തിലാണ് കുത്തബ് മിനാറിന് മുന്നിൽ പ്രതിഷേധം നടന്നത്.
മഹാരാജാവായ വിക്രമാദിത്യൻ നിർമിച്ച 'വിഷ്‌ണു സ്‌തംഭം'മാണ് കുത്തബ് മിനാർ എന്ന് ഭഗവാൻ ഗോയൽ അവകാശപ്പെട്ടു. ഇവിടെ 27 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. അവയെ ഐബക്ക് നശിപ്പിച്ചു. കുത്തബ് മിനാറിന്‍റെ പരിസരത്ത് നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തുന്നത് ഇതിന് തെളിവാണ്. കുത്തബ് മിനാറിനെ വിഷ്‌ണു സ്‌തംഭം എന്ന് വിളിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. ഗോയൽ പറഞ്ഞു.
സമുച്ചയത്തിന്‍റെ വിവിധ സ്ഥലങ്ങളിലായി വിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അവ എല്ലാം ശേഖരിച്ച് ഒരിടത്ത് സൂക്ഷിക്കണം. അവിടെ ആരാധന നടത്താനുള്ള അവകാശം ഞങ്ങൾക്ക് നൽകണം. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിക്കും മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. ഇന്നത്തെ പ്രതിഷേധം നിരവധി ഹിന്ദു സംഘടനകളുടെ ആവശ്യം ഉയർത്തിക്കാട്ടുന്നതാണെന്നും ഗോയൽ കൂട്ടിച്ചേർത്തു.