ഹരിയാനയില്‍ മൂന്ന് നില കെട്ടിടം തകർന്നുവീണു കർണാൽ : ഹരിയാനയിൽ മൂന്ന് നില കെട്ടിടം തകർന്ന് നാല് മരണം. കർണാൽ ജില്ലയിലെ തരാവടി ടൗണിലെ റൈസ് മിൽ കെട്ടിടമാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തകർന്നത്. മുപ്പതോളം തൊഴിലാളികൾ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
തരാവടിയിലെ ശിവശക്തി റൈസ് മില്ലാണ് തകർന്നത്. അപകടം നടക്കുമ്പോൾ തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉറങ്ങുകയായിരുന്നു. 20 പേരെ കെട്ടിടാവശിഷ്‌ടങ്ങൾക്കുള്ളിൽ നിന്ന് പരിക്കുകളോടെ പുറത്തെടുത്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് നിലകളുള്ള ഈ കെട്ടിടത്തിൽ നൂറോളം തൊഴിലാളികൾ താമസിച്ചിരുന്നു. ഷിഫ്റ്റ് അനുസരിച്ച് ജോലി കഴിഞ്ഞെത്തിയ 30ഓളം പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഫയർഫോഴ്‌സും പൊലീസും റെസ്‌ക്യു ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. എൻഡിആർഎഫിന്‍റെ ഒരു സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
കെട്ടിടത്തിന് ചില അപാകതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ല കലക്‌ടർ കർണാൽ അനീഷ് യാദവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിക്കും. അരി മില്ലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ല കലക്‌ടർ കൂട്ടിച്ചേർത്തു.