കൊൽക്കത്ത: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ താൽക്കാലികമായി നിർത്തിവച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. തെരഞ്ഞെടുപ്പ് പരാജയം ഭയന്നുള്ള അലീബിയാണ് (അലീബി - ഒരു കൃത്യം നടക്കുമ്പോള്‍ താൻ മറ്റൊരിടത്താണ് എന്ന് തെളിയിക്കുന്നതിന് ഉപയോഗിക്കുന്ന കോടതി പ്രയോഗം) ഇതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
പകർച്ചവ്യാധി നേരിടാൻ കേന്ദ്രം എല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പുകളുടെ കാര്യം തീരുമാനിക്കുന്നത് കമ്മിഷനാണ്. അവര്‍ പറയുന്ന എല്ലാ നിര്‍ദേശങ്ങളും ഞങ്ങള്‍ പാലിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തന്നെയായാരുന്നു ബിഹാറിലെ തെരഞ്ഞെടുപ്പെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൊവിഡിനെ നേരിടുന്നതിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. ഡല്‍ഹിയുടെ ഓക്സിജൻ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിട്ടെന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോപണത്തോടായിരുന്നു പ്രതികരണം.