ഹാവേരി:രാജ്യസഭ തെരഞ്ഞെടുപ്പിനും മറ്റും ഇതര പാർട്ടികളിൽ ആകർഷിക്കപ്പെടാതിരിക്കാൻ എംഎൽഎമാരെ റിസോർട്ടുകളിൽ മാറ്റിപ്പാർപ്പിക്കുന്നതും വോട്ട് രേഖപ്പെടുത്തേണ്ട സമയമടുക്കുമ്പോൾ പുറത്തിറക്കുന്നതും ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ നാം ഏറെ കണ്ടിട്ടുള്ളതാണ്. എന്നാൽ അതേ മാതൃകയിൽ ഗ്രാമപഞ്ചായത്തിലെ സിറ്റിങ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാനുള്ള അംഗങ്ങളെ 40 ദിവസം റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ് ഒരു പൂജാരി. കർണാടകയിലെ ഹാവേരി ജില്ലയിൽ ദേവരഗുഡ്ഡ ഗ്രാമ പഞ്ചായത്തിലാണ് റിസോർട്ട് രാഷ്‌ട്രീയം മറനീക്കി പുറത്തുവന്നത്.
13 അംഗബലമുള്ള ദേവരഗുഡ്ഡ പഞ്ചായത്തിന്‍റെ നിലവിലെ പ്രസിഡന്‍റ് മാലതേഷ് ദുരഗപ്പ നായരാണ്. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് മാലതേഷും പൂജാരിയായ സന്തോഷ് ഭട്ട് കക്ഷികളും തമ്മിൽ ഒരു ധാരണയിൽ ഏർപ്പെട്ടിരുന്നു. 15 മാസത്തേക്ക് പ്രസിഡന്‍റായി സേവനമനുഷ്‌ഠിച്ച ശേഷം മാലതേഷ് രാജിവയ്‌ക്കുമെന്ന തീരുമാനത്തിലാണ് ഇരുവരും ധാരണയായത്.