കേരളം

kerala

ETV Bharat / bharat

റിസോർട്ടിലേക്ക് പോകണോ, അതോ സർക്കാരുണ്ടാക്കണോ: ഹിമാചലില്‍ ചർച്ചകൾ സജീവമാക്കി കോൺഗ്രസ് - mla in resort

ജനങ്ങൾ തെരഞ്ഞെടുക്കുന്നവരെ മറുകണ്ടം ചാടിക്കാനും സ്വന്തം രാഷ്ട്രീയ പാർട്ടിയെ തള്ളിപ്പറഞ്ഞ് പുതിയ താവളം തേടാനും റിസോർട്ട് രാഷ്ട്രീയം എളുപ്പവഴിയായി. ഇന്ന് (08.12.22) ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവുമധികം ചർച്ചയാകുന്നതും റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ചാണ്.

resort politics himachal assembly elections 2022
ഹിമാചലില്‍ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

By

Published : Dec 8, 2022, 3:48 PM IST

ധർമശാല:അധികാരത്തിലേക്കുള്ള കുറുക്കുവഴിയില്‍ ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും പുതിയ കാര്യമല്ല. പക്ഷേ അധികാരം നിലനിർത്താനും പിടിച്ചെടുക്കാനും വ്യത്യസ്ത വഴികളുണ്ടായപ്പോൾ അതിലൊന്നിന് ഇന്ത്യൻ രാഷ്ട്രീയം നല്‍കിയ പേരാണ് റിസോർട്ട് രാഷ്ട്രീയം. ജനങ്ങൾ തെരഞ്ഞെടുക്കുന്നവരെ മറുകണ്ടം ചാടിക്കാനും സ്വന്തം രാഷ്ട്രീയ പാർട്ടിയെ തള്ളിപ്പറഞ്ഞ് പുതിയ താവളം തേടാനും റിസോർട്ട് രാഷ്ട്രീയം എളുപ്പവഴിയായി. ഇന്ന് (08.12.22) ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവുമധികം ചർച്ചയാകുന്നതും റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ചാണ്.

ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ച ഹിമാചലില്‍ കേവലഭൂരിപക്ഷമായ 35 സീറ്റുകൾ എന്ന കടമ്പ മറികടന്ന കോൺഗ്രസ് 39 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ സമീപകാല അനുഭവങ്ങൾ മുന്നിലുള്ളതിനാല്‍ ജയിച്ചുവരുന്ന എംഎല്‍എമാരെ ഒപ്പം നിർത്താൻ വേണ്ടതെല്ലാം ചെയ്യാൻ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോടും ഹിമാചലിന്‍റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയോടും ആവശ്യപ്പെട്ടു കഴിഞ്ഞു.

മുൻ ഹരിയാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ, ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ എന്നിവരാണ് രാജീവ് ശുക്ലയ്‌ക്കൊപ്പം ഹിമാചലിലെ കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. എത്രയും വേഗം സർക്കാരുണ്ടാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഭൂപീന്ദർ ഹൂഡ വ്യക്തമാക്കിക്കഴിഞ്ഞു.

റിസോർട്ടിലേക്കോ: ഇന്ത്യൻ രാഷ്ട്രീയത്തില്‍ കോൺഗ്രസാണ് ഏറ്റവുമധികം തവണ സ്വന്തം എംഎല്‍എമാരെ റിസോർട്ടുകളിലേക്ക് മാറ്റി കൂറുമാറ്റം തടയാൻ ശ്രമിച്ച രാഷ്ട്രീയ പാർട്ടി. അതുകൊണ്ടു തന്നെ അഞ്ച് സീറ്റുകളുടെ മാത്രം ലീഡില്‍ കേവലഭൂരിപക്ഷം കടന്ന കോൺഗ്രസ് എങ്ങനെയാണ് ഹിമാചലിലെ സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കുക എന്നറിയാൻ ഇന്ത്യൻ രാഷ്ട്രീയത്തിന് കൗതുകമുണ്ട്. മൂന്ന് സ്വതന്ത്രർ കൂടി ഹിമാചലില്‍ ജയിച്ചെത്തിയതിനാല്‍ ഹിമാചല്‍ രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ ചർച്ചയാകും.

വർഷങ്ങളുടെ പഴക്കം: ജയിച്ചെത്തുന്നവർക്ക് പണം, പദവി എന്നിവ വാരിക്കോരി കൊടുത്താണ് മറുകണ്ടം ചാടിക്കുന്നത്. ചിലസമയങ്ങളില്‍ അതിന് ഭീഷണിയുടെ സ്വരവുമുണ്ടാകും. 2002 മുതല്‍ കർണാടക, ഗോവ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം റിസോർട്ട് രാഷ്ട്രീയം വളരെ സജീവമായിരുന്നു.

ഏറ്റവും ഒടുവില്‍ 2022 ജൂണിലാണ് മഹാരാഷ്ട്രയിലാണ് റിസോർട്ട് രാഷ്ട്രീയം നാം കണ്ടത്. ശിവസേനയെ പിളർത്തിയെത്തി ഏക്‌നാഥ് ഷിൻഡെയും എംഎല്‍എമാരും അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിലാണ് ദിവസങ്ങളോളം കഴിഞ്ഞത്. ബിജെപി പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കിയ ശേഷമാണ് ഷിൻഡെയും കൂട്ടരും റിസോർട്ട് വിട്ട് മഹാരാഷ്ട്രയിലെത്തിയത്.

അതിന് തൊട്ടുമുൻപ് രാജ്യസഭ തെരഞ്ഞെടുപ്പിന് മുൻപായി രാജസ്ഥാനിലെ കോൺഗ്രസ് എംഎല്‍എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. സ്വന്തം എംപിമാരെ ഒപ്പം നിർത്തുന്നതില്‍ രാജസ്ഥാൻ കോൺഗ്രസ് വിജയിക്കുകയും ചെയ്‌തു. 1983ല്‍ കർണാടകയില്‍ രാമകൃഷ്‌ണ ഹെഗ്‌ഡെ സർക്കാർ, 1984ലും 1995ലും ആന്ധ്രപ്രദേശില്‍ ടിഡിപിയും കോൺഗ്രസും ഇവരെല്ലാം റിസോർട്ട് രാഷ്ട്രീയത്തിലൂടെ അധികാരം നിലനിർത്തുകയോ നഷ്‌ടപ്പെടുകയോ ചെയ്‌തവരാണ്.

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്‍റെ ഭാര്യ റാബ്‌റി ദേവി മുഖ്യമന്ത്രിയായതിന്‍റെ പിന്നിലും സ്വന്തം എംഎല്‍എമാരെ റിസോർട്ടില്‍ ഒളിപ്പിച്ച രാഷ്ട്രീയമാണ് വിജയിച്ചത്. ഗോവയില്‍ രണ്ട് തവണയാണ് റിസോർട്ട് രാഷ്ട്രീയം വഴി കോൺഗ്രസിന് അധികാരം നഷ്‌ടമായത്. മധ്യപ്രദേശിലും കർണാടകയിലും കോൺഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതില്‍ റിസോർട്ടുകൾക്ക് വലിയ പങ്കുണ്ട്. ഏറ്റവുമൊടുവില്‍ രാജസ്ഥാനില്‍ മാത്രമാണ് റിസോർട്ടിലാക്കിയ എംഎല്‍എമാർ കോൺഗ്രസിനൊപ്പം നിന്നത്.

ABOUT THE AUTHOR

...view details