തിരുവനന്തപുരം:ഇന്ത്യന്‍ ജാനധിപത്യത്തിന്‍റെ സംശുദ്ധി നശിപ്പിക്കുന്ന ഏര്‍പ്പാടാണ് തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും അറിയാം. എന്നാല്‍ അട്ടിമറിച്ച് അധികാരം കൊയ്യാനോ അധികാരം നിലനിര്‍ത്താനോ ശ്രമിക്കുന്നതില്‍ തെറ്റില്ലെന്ന് തെളിയിക്കുന്നതാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം (History Of Resort Politics).
ഇന്ത്യന്‍ രാഷട്രീയം അടുത്തിടെ കണ്ട ചില റിസോര്‍ട്ട് നാടകങ്ങളും കുതിരക്കച്ചവട വാര്‍ത്തകളും പുതിയ വോട്ടര്‍മാരോട് പറയന്നത് എന്താണെന്ന് വ്യക്തമാണ്. 'ഈ പരിപാടി നേരും നെറിയുമുള്ളതല്ല, ഇതിനേക്കാള്‍ ഭേദം വോട്ട് ചെയ്യാതിരിക്കലാണ്'. അതുകൊണ്ട് തന്നെയല്ലേ ബി ആര്‍ എസ് ഭരിക്കുന്ന തെലങ്കാനയില്‍, ഹൈദരാബാദില്‍ പോലും വോട്ടിങ്ങ് ശതമാനം കുത്തനെ കുറഞ്ഞത്. പുതിയ വോട്ടര്‍മാരുടെ എണ്ണം കണക്കില്‍ മാത്രമാണ് കൂടിയതെന്നും വോട്ടില്‍ കൂടിയില്ലെന്നും വ്യക്തമാക്കുന്നതാണ് കുറഞ്ഞ പോളിങ്ങ് ശതമാനം.
ആമുഖമായി ഇക്കാര്യം പറഞ്ഞുവെന്നേ ഉള്ളൂ, പറയാന്‍ വരുന്നത് ഇന്ത്യയിലെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ ചരിത്രമാണ്. എവിടെയാണ് ഈ ഏര്‍പ്പാട് തുടങ്ങിയത്? ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ ഫലം അനുഭവിക്കുന്നത്? എന്നൊക്കെ അറിഞ്ഞിരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് നല്ലാതായിരിക്കും (History Of Resort Politics).
1982 ല്‍ റിസോര്‍ട്ട് നാടകം തുടങ്ങുന്നു:ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ തുടക്കമെന്നാണ് ആനുകാലിക ചരിത്രം പറയുന്നത്. അതിന് മുമ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ പുതിയ ചരിത്രത്തില്‍ ആ പഴയ സംഭവങ്ങള്‍ക്കൊന്നും വലിയ സ്ഥാനം കല്‍പ്പിക്കപ്പെടുന്നില്ല. കാരണം അന്നൊന്നും ബിജെപി ഇത്രവലിയ രാഷ്ട്രീയ കക്ഷിയോ നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ രാഷ്ട്രീയ ചാണക്യന്മാരോ ആയിരുന്നില്ല(resort politics and Indian political parties).
ഹരിയാനയിലെ കഥ പറയാം തെരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ ഡി- ബിജെപി സഖ്യം 37 സീറ്റ് നേടി, കോണ്‍ഗ്രസിന് 36 സീറ്റും ലഭിച്ചു. തൊണ്ണൂറ് സീറ്റുള്ള ഹരിയാനയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ടിഡി തപ്‌സെ (TD Tapase) കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ബിജെപി സഖ്യത്തിന്‍റെ നേതാവ് ദേവിലാല്‍ ഇതിനകം 48 ഓളം എംഎല്‍എ മാരെ ചാക്കിട്ട് ഡല്‍ഹിയിലെ റിസോര്‍ട്ടില്‍ എത്തിച്ചിരുന്നു. ദേവിലാലിന്‍റെ ഭാഗ്യക്കേട് നോക്കണേ, പൂട്ടിയിട്ട എംഎല്‍എ മാരില്‍ ഒരു വിരുതന്‍ കെട്ടിടത്തിന്‍റെ വാട്ടര്‍ പൈപ്പ് വഴി നൂണിറങ്ങി, കോണ്‍ഗ്രസ് ക്യാംപിലേക്ക് പലായനം ചെയ്തു. പിന്നത്തെ കഥ ചരിത്രമാണ്. ബിജെപി സഖ്യത്തിന് അക്കുറി ഹരിയാനയില്‍ അധികാരം പിടിക്കാന്‍ കഴിഞ്ഞില്ല.
1983 മുതല്‍ 2019 വരെ കര്‍ണാടക നാടകം:റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ ഗുണഭോക്താക്കളില്‍ പ്രധാനിയാണ് കര്‍ണാടക. ഇവിടം ആരു ഭരിക്കണം എന്ന് 2019 വരെ തീരുമാനിച്ചിരുന്നത് കുതിരക്കച്ചവടവും കാലുമാറ്റവും റിസോര്‍ട്ട് രാഷ്ട്രീയവും അട്ടിമറിയുമൊക്കെ തന്നെയായിരുന്നു. പലപ്പൊഴും അസ്ഥിരമായ സംസ്ഥാന ഭരണം കര്‍ണാടകയുടെ വികസനത്തെ മുരടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഡ്ഗെയെ(Ramakrishna Hegde) അട്ടിമറിക്കാന്‍ 1983 ല്‍ ശ്രമിച്ചത് സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയാണെന്ന് (Indira Gandhi) ചരിത്രം. എന്താണ്ട് ഇതേ മാതൃക തന്നെയാണ് 2019 ലും നടന്നത് (resort politics and Indian political parties).
1984- 1995 ആന്ധ്ര നാടകം:ആന്ധ്രയുടെ ആരാധ്യ മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമ റാവു (NTR) 1984 ല്‍ അമേരിക്കയില്‍ ഹൃദയ ശസ്ത്രക്രീയക്ക് പോയതോടെ പിടി വിട്ടു. പിന്നെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്ത് വച്ച ആന്ധ്ര ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്‍റെ കൈകളിലായി, ഒടുവില്‍ തെലങ്കാനയുമായി ഭാഗം വച്ച് പിരിഞ്ഞ് രണ്ടായി. അവിടെയും ഈ റിസോര്‍ട്ട് രാഷ്ട്രീയം തന്നെയാണ് കളിച്ചതും കളി പഠിപ്പിച്ചതും.
ചില റിസോര്‍ട്ട് കളികള്‍ :1995 ല്‍ ഗുജറാത്തിലും 1998 ല്‍ ഉത്തര്‍ പ്രദേശിലും 2000 ല്‍ ബീഹാറിലും 2002-2022 കാലത്ത് മഹാരാഷ്ട്രയിലും 2016 ല്‍ ഉത്തരാഖണ്ഡിലും 2017 ല്‍ തമിഴ്‌നാട്ടിലും നടന്നത് റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റെ ചെറുതും വലുതുമായ കളിയാട്ടങ്ങളായിരുന്നു. 2019 ഗോവയില്‍ 14 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2022ല്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോവും അടക്കം 6 പേര്‍ കൂടി ബിജെപിയിലെത്തിയത് മറ്റൊരു നാടകം.
2008 കര്‍ണാടകയില്‍ ബിജെപിക്ക് 110 സീറ്റ് ഭൂരിപക്ഷത്തിന് 3 സീറ്റ് കുറവുണ്ടായിരുന്നു. ബെല്ലാരിയിലെ ഖനി രാജാവ് ജനാര്‍ദന റെഢിയുടെ നേതൃത്വത്തില്‍ യെദിയുരപ്പ കോണ്‍ഗ്രസില്‍ നിന്ന് 3 ഉം ജെഡിഎസില്‍ നിന്ന് 4 ഉംഎം എല്‍ എ മാരെ അടര്‍ത്തിയെടുത്തു. ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് വിജയിച്ച് ഭൂരിപക്ഷവും ഉറപ്പാക്കി.
2019ല്‍ രമേഷ് ഝാര്‍ഖി ഹോളിയുടെ നേതൃത്വത്തില്‍ 14 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. 2 ജെഡിഎസ് എംഎല്‍എമാരും രാജി നല്‍കി.എച്ച് ഡി കുമാരസ്വാമി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ നിലം പൊത്തി.
മധ്യപ്രദേശില്‍ സിന്ധ്യ അനുകൂലികളായ 22 എംഎല്‍എമാര്‍ രാജി വെച്ചതോടെയാണ് കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. അരുണാചല്‍ പ്രദേശ്,മണിപ്പൂര്‍,നാഗാലാന്‍റ് എന്നിവിടങ്ങളിലും കാണാം ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ റിസോര്‍ട്ട് കളി. റിസോര്‍ട്ടിന് പുറത്ത് വച്ചുതന്നെ കളിക്കാന്‍ അറിയാവുന്ന നേതാക്കളും അണികളും ഉള്ളതുകൊണ്ട് കേരളത്തില്‍ റിസോര്‍ട്ട് കളി നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.