ഹൈദരാബാദ് : കാബൂളിന് വടക്ക് പഞ്ച്ഷീർ താഴ്‌വരയിൽ താലിബാൻ മുന്നേറ്റം നടത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി അഫ്‌ഗാനിസ്ഥാന്‍റെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റ് അമറുള്ള സാലിഹ്. താലിബാനെതിരെ പഞ്ച്ഷീര്‍ പ്രതിരോധം തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ മണ്ണിനും അതിന്‍റെ അന്തസിനും വേണ്ടിയാണ് പോരാട്ടമെന്നും സാലിഹ് ട്വീറ്റ് ചെയ്‌തു.
രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ തള്ളി സാലിഹ്
രാജ്യം വിട്ടതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച സാലിഹ്, ഇവ തികച്ചും അടിസ്ഥാനരഹിതമാണെന്നും പഞ്ച്ഷീറിൽ തന്നെയുണ്ടെന്നും പറഞ്ഞു. താലിബാൻ അവരുടെ സഖ്യകക്ഷികളായ അൽഖ്വയ്‌ദയുടെയും പാകിസ്ഥാനിൽ നിന്നടക്കമുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെ ആക്രമണം തുടരുകയാണ്. എന്നാൽ തങ്ങൾ ചെറുത്തുനിൽക്കുകയാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് അയച്ച വീഡിയോ സന്ദേശത്തിൽ സാലിഹ് അവകാശപ്പെട്ടു.