ന്യൂഡൽഹി: നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് നേതാവ് അഹമ്മദ് മസൂദ് അഫ്‌ഗാൻ വിട്ടിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ. അഹമ്മദ് മസൂദ് തുർക്കിയിലേക്ക് കടന്നുവെന്ന വാർത്തകൾ തെറ്റാണ്. മസൂദ് സുരക്ഷിതമായ സ്ഥലത്താണ് ഉള്ളതെന്നും പഞ്ച്‌ശീർ വാലിയുമായി അദ്ദേഹം കോൺടാക്‌റ്റ് ചെയ്യുന്നുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.
സെപ്‌റ്റംബർ ആറിന് പുറത്തു വിട്ട ഓഡിയോ സന്ദേശത്തിൽ അഹമ്മദ് മസൂദ് 'ദേശീയ പ്രക്ഷോഭത്തിന്' ആഹ്വാനം ചെയ്‌തിരുന്നു.
"നിങ്ങൾ എവിടെയായിരുന്നാലും, രാജ്യത്തിന് അകത്തോ പുറത്തോ, നമ്മുടെ രാജ്യത്തിന്‍റെ അന്തസിനും സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒരു ദേശീയ പ്രക്ഷോഭം ആരംഭിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
വാലിയിലെ 1.75 ലക്ഷം ജനങ്ങളെ സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടുമെന്ന് അദ്ദേഹം ഓഡിയോ സന്ദേശത്തിൽ അറിയിച്ചിരുന്നു.
പഞ്ച്ശീറിന്‍റെ 70 ശതമാനം പ്രധാന നഗരങ്ങളും പാതകളും താലിബാൻ നിയന്ത്രണത്തിലാണെന്നും എന്നാൽ പഞ്ച്‌ശീർ വാലി പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ് ഇപ്പോഴുമെന്നുമുള്ള വാർത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. താലിബാൻ കാബൂൾ പോലും നിസാരമായി കീഴടക്കിയപ്പോൾ പ്രതിരോധിച്ച് നിന്ന ഏക പ്രവിശ്യയാണ് പഞ്ച്ശീർ.
താലിബാൻ പഞ്ച്ഷീർ പ്രവിശ്യ വിട്ടുപോയാൽ പോരാട്ടം അവസാനിപ്പിക്കാനും ചർച്ചകൾ നടത്താനും തയ്യാറെന്ന് അഹമ്മദ് മസൂദ് പറഞ്ഞിരുന്നു. താലിബാൻ പഞ്ച്ഷീറിലും അന്ദരാബിലുമുള്ള സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇങ്ങനെ വന്നാല്‍, സുസ്ഥിരമായ സമാധാനം ഉറപ്പുവരുത്തുന്നതിന് യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചിരുന്നു.
READ MORE:'താലിബാൻ പഞ്ച്ഷീർ വിട്ടാല്‍ പോരാട്ടം അവസാനിപ്പിക്കാം'; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അഹമ്മദ് മസൂദ്