ഉത്തരകാശിയിലെ മാനുവല്‍ ഡ്രില്ലിങ്ങ് പൂര്‍ത്തിയായി ഉത്തരകാശി: ഒടുവില്‍ പതിനേഴാം ദിനം ഉത്തരകാശിയില്‍ നിന്ന് ശുഭ വാര്‍ത്ത എത്തി. സില്‍ക്യാരയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള തുരക്കല്‍ പൂര്‍ത്തിയായി. മാനുവല്‍ ഡ്രില്ലിങ്ങ് എന്ന കടുപ്പമേറിയ രക്ഷാമാര്‍ഗം വിജയത്തിലെത്തി (Rescue work continues in uttarakhand uttarkashi silkyara tunnel).
അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ പൈപ്പ് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന തുരങ്കത്തില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ആകുമെന്നാണ് കരുതുന്നത്. സ്ഥലത്ത് ആംബുലന്‍സുകള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ ഡോക്‌ടറെ തുരങ്കത്തിനകത്തേക്ക് തൊഴിലാളികളെ പരിചരിക്കാന്‍ അയക്കുന്ന കാര്യവും പരിഗണിക്കും. മുഴുവന്‍ പേരെയും പുറത്തെത്തിക്കുന്നതുവരെ പൈപ്പ് സുരക്ഷിതമാണോ എന്ന് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. തയ്യാറായിരിക്കാന്‍ തുരങ്കത്തില്‍ കുടുങ്ങിയവരുടെ ബന്ധുക്കളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
55 മീററര്‍ മാനുവല്‍ ഡ്രില്ലിങ്ങ് പൂര്‍ത്തിയാക്കി പൈപ്പ് ഇറക്കിയതായി രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്ന കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു. പൈപ്പ് തുരങ്കത്തിലേക്ക് കടന്നതിനുശേഷം അതിന്‍റെ അഗ്രഭാഗം മുറിക്കും. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മുറിവേല്‍ക്കാതിരിക്കാനാണ് ഇത്.
തുരങ്കത്തിന്‍റെ സിമന്‍റ് കോണ്‍ക്രീറ്റ് അടര്‍ത്തി മാറ്റിക്കഴിഞ്ഞു. തുരക്കല്‍ ഇനി 3 മീറ്റര്‍ മാത്രമാണ് ബാക്കിയുളള്ളതെന്നാണ് തുരങ്ക നിര്‍മാണ വിദഗ്‌ധന്‍ ക്രിസ് കൂപ്പര്‍ പറഞ്ഞത്. അഞ്ചുമണിയോടെ അന്തിമ വിജയം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.
40 മീറ്റര്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങ് ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. നവംബര്‍ 22 ന് ദൗത്യം പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത തിരിച്ചടി നേരിടുകയായിരുന്നു. 400 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് വിജയത്തിലേക്കെത്തുന്നത്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ റോഡുകള്‍ റിപ്പയര്‍ ചെയ്‌ത് സജ്ജമാക്കിയിട്ടുണ്ട്.
സില്‍ക്യാരാ തുരങ്കത്തില്‍ കുടുങ്ങിയ ഏഴുസംസ്ഥാനങ്ങളില്‍ നിന്നുള്ള 41 തൊഴിലാളികള്‍ക്ക് വേണ്ടി രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ക്കുപുറമെ സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
READ ALSO:'ഫോണില്‍ സിനിമ കാണാം, ഏത് സമയവും ഡോക്‌ടർ, ആശ്വാസ വാക്കുകളുമായി കുടുംബാംഗങ്ങളും': ഉത്തരകാശി രക്ഷ ദൗത്യത്തിന്‍റെ രൂപം മാറുന്നു...
നവംബർ 12 നാണ് തുരങ്കത്തിന്‍റെ ഒരുഭാഗം തകർന്ന് 41 തൊഴിലാളികൾ അതിനുള്ളിൽ കുടുങ്ങിയത്. ആഗർ മെഷീൻ കൊണ്ടുവന്ന് ഹൊറിസോണ്ടൽ ഡ്രില്ലിങ് വഴി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലായപ്പോൾ മെഷീന് സംഭവിച്ച സാങ്കേതിക തകരാറുകൾ രക്ഷാപ്രവർത്തനം വീണ്ടും വൈകിപ്പിക്കുകയായിരുന്നു.