കോര്‍ബ (ഛത്തീസ്‌ഗഡ്):കുഴിയില്‍ വീണ കുട്ടിയാനയെ വനപാലകരും പൊലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഛത്തീസ്‌ഗഡ് കോര്‍ബയിലെ ദേശീയപാതയോരത്തുള്ള കുഴിയിലേക്ക് വീണ ആനക്കുട്ടിയെയാണ് രക്ഷപ്പെടുത്തി വനത്തില്‍ വിട്ടത്. കുറച്ച് ദിവസങ്ങളായി മേഖലയില്‍ കാട്ടാന കൂട്ടം തമ്പടിച്ചിരുന്നു.
കാട്ടാനക്കൂട്ടത്തിനൊപ്പം ദേശീയപാതയോരത്ത് വിഹരിക്കുന്നതിനിടെയാണ് ആനക്കുട്ടി കുഴിയിലേക്ക് വീണത്. കുട്ടിയാനയെ കര കയറ്റാനുള്ള ശ്രമം ആനക്കൂട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിനും തടസം സൃഷ്‌ടിച്ചു.
കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി വിവരം അറിഞ്ഞെത്തിയ വനപാലകരും പൊലീസും ചേര്‍ന്നാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള മുഴുവന്‍ സമയവും കാട്ടാനകള്‍ കുട്ടിയാന വീണ കുഴിക്ക് സമീപത്തുണ്ടായിരുന്നു. ഇവ പിന്മാറിയ ശേഷമാണ് ആനക്കുട്ടിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചത്.
ജെസിബി ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. സ്ഥലത്ത് നിന്നും ആനക്കൂട്ടം പിന്‍വാങ്ങിയതിന് ശേഷം കുട്ടിയാന വീണ കുഴിയിലേക്ക് ഇറങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വടം ഉപയോഗിച്ച് ആനയെ നിയന്ത്രണത്തിലാക്കിയാണ് മുകളിലെത്തിച്ചത്. രക്ഷപ്പെടുത്തിയ കുട്ടിയാനയെ കാട്ടാനക്കൂട്ടത്തിനൊപ്പം വിട്ട ശേഷമാണ് വനപാലകരും പൊലീസും മടങ്ങിയത്.