ലഖ്‌നൗ:മുംബൈ ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസിലെ സാക്ഷിയും സ്വകാര്യ ഡിറ്റക്‌ടീവുമായ കെ.പി ഗോസാവി കീഴടങ്ങാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ലഖ്‌നൗ പൊലീസ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടുന്ന സംഘം പിടിയിലായ ശേഷം കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ പണമിടപാട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന്, കെ.പി ഗോസാവി പൊലീസിന് കീഴടങ്ങാൻ തയ്യാറാണെന്ന വാര്‍ത്ത പ്രചരിച്ചു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ ലഖ്‌നൗവില്‍ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മഡിയയോണിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) മനോജ് സിങ്. ഈ വിഷയമവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ഫോണ്‍ കോളും ലഭിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് യാതൊരുവിവരവും തന്‍റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയിലാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.
ജീവന് ഭീഷണിയെന്ന് ഗോസാവി
ആര്യനെതിരായ കേസ് ഒതുക്കിതീര്‍ക്കാന്‍ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 25 കോടിയുടെ ഇടപാട് നടന്നു. ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്‌ക്ക് നല്‍കുകയുണ്ടായി. പിന്നാലെ സമീര്‍ വാംഖഡെയ്‌ക്കെതിരെ എന്‍.സി.ബി. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രഭാകറിന്‍റെ ആരോപണങ്ങള്‍ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു എന്‍.സി.ബി. ഉദ്യോഗസ്ഥരുടെ പ്രതികരണം.
ALSO READ:ലഹരിപ്പാര്‍ട്ടിയുടെ സാക്ഷി ഗോസാവിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്
എന്‍.സി.ബി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യന്‍ ഖാന്‍ ആവശ്യപ്പെട്ടപ്രകാരമാണ് താന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയതെന്നും തനിക്ക് സമീര്‍ വാംഖഡെയെ നേരത്തെ അറിയില്ലെന്നും ഗോസാവി വെളിപ്പെടുത്തി. ആരോപണം ഉന്നയിച്ച പ്രഭാകറിനെ തനിക്കറിയാമെങ്കിലും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിയില്ല. പൂനെയില്‍ തനിക്കെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഇപ്പോഴാണ് നടപടികള്‍ ആരംഭിച്ചതെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഗോസാവി പറഞ്ഞു.