കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്ന് അസാധുവായി പ്രഖ്യാപിച്ച എല്ലാ ബൂത്തുകളിലും നാളെ (ജൂലൈ 10) റീപോളിങ് നടത്തുമെന്ന് പശ്ചിമ ബംഗാൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ശനിയാഴ്‌ച (8.07.2023) യാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിലെ കൃത്രിമവും അതിനിടെ നടന്ന അക്രമവും പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്താൻ കമ്മിഷൻ ഉത്തരവിട്ടത്.
റീപോളിങ് പ്രഖ്യാപിച്ച ജില്ലകളിൽ ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത് മുർഷിദാബാദിലാണ്. 175 ബൂത്തുകളാണ് ഇവിടെ മാത്രം ഉള്ളത്. ഇത് കൂടാതെ നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, നാദിയ എന്നീ ജില്ലകളിലും റീപോളിങ് നടക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വിവിധയിടങ്ങളിൽ നടന്ന അക്രമണത്തിൽ 18 പേരാണ് മരണപ്പെട്ടത്.
മുർഷിദാബാദ്, നാദിയ, കൂച്ച് ബെഹാർ ജില്ലകൾ കൂടാതെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗർ, പുർബ മേദിനിപൂരിലെ നന്ദിഗ്രാം എന്നിവിടങ്ങളിലാണ് സംഘർഷം ഉണ്ടായത്. മുർഷിദാബാദിൽ അഞ്ച് പേരും ഉത്തർ ദിനാജ്‌പൂരിൽ നാല് പേരും കൂച്ച് ബെഹാറിൽ മൂന്ന് പേരും ഈസ്റ്റ് ബർധമാനിലും മാൾഡയിലും രണ്ട് പേർ വീതവും സൗത്ത് 24 പർഗാനാസ്, നാദിയ ജില്ലകളിൽ ഓരോരുത്തർ വീതവും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ എട്ട് പേർ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ പ്രവർത്തകരാണെന്നും ബാക്കിയുള്ളവർ ബിജെപി, സിപിഎം, കോൺഗ്രസ്, ഐഎസ്എഫ് എന്നീ പാർട്ടികളുടെ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വാഗ്‌ദാനം ചെയ്‌ത കനത്ത സുരക്ഷയും, കേന്ദ്രസേനയെ വൻതോതിൽ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടും അക്രമം നടന്നത് സർക്കാരിനും തിരിച്ചടിയായിരിക്കുകയാണ്.