ഇന്‍ഡോര്‍ (മധ്യപ്രദേശ്):ഭരണരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തത വരുത്താനായാണ് വിവരാവകാശ നിയമം നിലവില്‍ വരുന്നത്. നിയമത്തിന്‍റെ പരിധിയില്‍ വരുന്ന ഏതൊന്നിലും പരാതിക്കാരായ പൊതുജനത്തിന് രേഖകള്‍ ഉള്‍പ്പടെ ആവശ്യപ്പെടാമെന്നതും, നിശ്ചിത ദിവസത്തിനകം പരാതിയെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും കണ്‍മുന്നില്‍ എത്തുമെന്നതും ഇതിന്‍റെ സവിശേഷതയുമാണ്. മാത്രമല്ല വിവരാവകാശ രേഖകള്‍ ഉപയോഗിച്ച് ജനം പല അഴിമതികളും ക്രമക്കേടുകളും കണ്ടെത്തി അവസാനിപ്പിച്ചതായുള്ള വാര്‍ത്തകളും മാധ്യമങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്‌തതാണ്.
അതേസമയം വിവരാവകാശ നിയമത്തെ ചുറ്റിപ്പറ്റി പരാതിക്കാരന് ബുദ്ധിമുട്ടുണ്ടായ സംഭവങ്ങളും നാം കണ്ടതാണ്. എന്നാല്‍ കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്നത് വേറിട്ടൊരു സംഭവമാണ്. അതായത് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് ഈ പരാതിക്കാരന് തനിക്ക് ലഭിച്ച രേഖകള്‍ കൊണ്ടുപോവാന്‍ തന്‍റെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം മതിയാവാതെ വന്നു. തന്‍റെ ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ നല്‍കിയ രേഖകള്‍ 40,000 പേജുകളില്‍ കവിഞ്ഞതോടെയാണ് ഇദ്ദേഹത്തിന് തന്‍റെ ജീപ്പില്‍ കുത്തിനിറച്ച് കൊണ്ടുപോവേണ്ടതായി വന്നത്.
സംഭവം ഇങ്ങനെ:കൊവിഡ് പ്രതിസന്ധികാലത്ത് മരുന്നുകൾ, ഉപകരണങ്ങൾ, അനുബന്ധ സാമഗ്രികൾ എന്നിവയുടെ സംഭരണവുമായി ബന്ധപ്പെട്ട ബില്ലുകളും ടെന്‍ഡര്‍ രേഖകളും ചോദിച്ച് ഇന്‍ഡോര്‍ സ്വദേശിയായ ധർമ്മേന്ദ്ര ശുക്ലയാണ് ഇന്‍ഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർക്ക് (സിഎംഎച്ച്ഒ) വിവരാവകാശത്തിന് അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഒരു മാസത്തിനുള്ളിൽ തനിക്ക് രേഖകള്‍ ലഭിക്കാതെ വന്നതോടെ ശുക്ല, അപ്പീൽ ഓഫിസറായ ഡോ.ശരദ് ഗുപ്തയെ സമീപിച്ച് അപേക്ഷ സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് രേഖകള്‍ വന്ന് കൈപ്പറ്റാനും കാലാവധി വൈകിയതിനാല്‍ ഓരോ പേജിനും നിശ്ചയിട്ടുള്ള രണ്ട് രൂപ അടയ്‌ക്കേണ്ടതില്ലെന്നുമുള്ള അറിയിപ്പ് എത്തുന്നത്.