ഔറംഗബാദ്: ഔറംഗബാദിന്‍റെയും ഉസ്‌മാനാബാദിന്‍റെയും പേര് മാറ്റാനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഔറംഗബാദ് ഇനി ഛത്രപതി സംഭാജി നഗർ എന്നും ഉസ്‌മാനാബാദ്, ധാരാശിവ് എന്നും അറിയപ്പെടും. എന്നാൽ നഗരത്തിനാണോ ജില്ലയ്‌ക്കാണോ പേര് മാറ്റിയതെന്ന ആശയക്കുഴപ്പം ഇതിനോടകം ഉയർന്നിട്ടുണ്ട്.
പുനർനാമകരണത്തിന് കേന്ദ്രം അനുമതി നൽകിയതിൽ ബിജെപിയും ശിവസേനയും ജില്ലയിലാകെ ആഹ്‌ളാദപ്രകടനം നടത്തുകയാണ്. ഇരു സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് അന്തരിച്ച ശിവസേന നേതാവ് ബാലാസാഹെബ് താക്കറെ ആയിരുന്നു. പിന്നീട് 2022ൽ മഹാരാഷ്‌ട്ര മന്ത്രിസഭ പേരുമാറ്റാനുള്ള തീരുമാനം പാസാക്കിയെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. കേന്ദ്ര അനുമതിക്കായുള്ള കാത്തിരിപ്പിലായിരുന്നു സംസ്ഥാന സർക്കാർ.