കേരളം

kerala

ETV Bharat / bharat

മലയാളിയുടെ സംഗീത സുകൃതം, മനസിലെന്നും ജോൺസൺ - പത്‌മരാജന്‍ ചിത്രങ്ങളിലൂടെ പേരെടുത്ത സംഗീതജ്ഞന്‍

മനസ്സില്‍ സൂക്ഷിക്കാന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ജോണ്‍സണ്‍ മാസ്‌റ്ററുടെ ഓര്‍മകള്‍ക്ക് ഇന്ന് 12 വയസ്സ്..

Remembering legend Music Director Johnson Master  Music Director Johnson Master  Johnson Master  ജോണ്‍സണ്‍ മാസ്‌റ്ററുടെ ഓര്‍മയില്‍ മലയാള സിനിമാ  ജോണ്‍സണ്‍ മാസ്‌റ്റര്‍  ജോണ്‍സണ്‍ മാസ്‌റ്ററുടെ ഓര്‍മകള്‍ക്ക്  ജോണ്‍സണ്‍ മാസ്‌റ്ററുടെ ഓര്‍മകള്‍  ഓര്‍മ്മയില്‍ ജോണ്‍സണ്‍ മാസ്‌റ്റര്‍  എത്ര കേട്ടാലും മതിവരാത്ത ജോണ്‍സണ്‍ സംഗീതം  ജനനവും പ്രാഥമിക വിദ്യാഭ്യാസവും  സ്‌ത്രീ ശബ്‌ദത്തില്‍ പാടിയ ജോണ്‍സണ്‍ മാസ്‌റ്റര്‍  ആരവത്തിലൂടെ അരങ്ങേറ്റം  പത്‌മരാജന്‍ ചിത്രങ്ങളിലൂടെ പേരെടുത്ത സംഗീതജ്ഞന്‍  ജോണ്‍സണ്‍ മാസ്‌റ്റര്‍ ഹിറ്റുകള്‍
ജോണ്‍സണ്‍ മാസ്‌റ്ററുടെ ഓര്‍മയില്‍ മലയാള സിനിമാ ലോകം..

By

Published : Aug 18, 2023, 12:08 PM IST

Updated : Aug 18, 2023, 12:22 PM IST

ഓര്‍മ്മയില്‍ ജോണ്‍സണ്‍ മാസ്‌റ്റര്‍:ജോണ്‍സണ്‍ മാസ്‌റ്ററുടെ ഓര്‍മകള്‍ക്ക് ഇന്ന് 12 വയസ്സ്.. മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച ഈ അതുല്യ പ്രതിഭയുടെ ഓര്‍മയിലൂടെ കടന്നു പോകുകയാണ് മലയാളി.

എത്ര കേട്ടാലും മതിവരാത്ത ജോണ്‍സണ്‍ സംഗീതം: 'രാജ ഹംസമേ', 'കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി', 'മന്ദാരച്ചെപ്പുണ്ടോ', 'ആടിവാ കാറ്റേ', 'അനുരാഗിണി', 'അന്തിപ്പൂമാനം' തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങളാണ് ജോണ്‍സണ്‍ മാസ്‌റ്റര്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും സംഗീതാസ്വാദകര്‍ക്കും സമ്മാനിച്ചത്.

ജനനവും പ്രാഥമിക വിദ്യാഭ്യാസവും:തൃശ്ശൂരിലെ നെല്ലിക്കുന്നിൽ ആന്‍റണി - മേരി ദമ്പതികളുടെ മകനായി 1953 മാർച്ച് 26നാണ് ജോണ്‍സണ്‍ മാസ്‌റ്ററുടെ ജനനം. സെന്‍റ് തോമസ്‌ തോപ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നൂം പ്രാഥമിക വിദ്യാഭാസം നേടി. തൃശൂർ സെന്‍റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്‌ത്രത്തിൽ ബിരുദവും കരസ്ഥമാക്കി. പിന്നീട് അദ്ദേഹം പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു.

സ്‌ത്രീ ശബ്‌ദത്തില്‍ പാടിയ ജോണ്‍സണ്‍ മാസ്‌റ്റര്‍:നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍ പള്ളി ഗായക സംഘത്തിലാണ് ജോണ്‍സണ്‍ മാസ്‌റ്റര്‍ തന്‍റെ സംഗീത ജീവിതം ആരംഭിച്ചത്. അന്ന് അദ്ദേഹം സ്‌ത്രീ ശബ്‌ദത്തില്‍ പാട്ടു പാടിയിരുന്നു. 1968ൽ അദ്ദേഹം വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പൂം ആരംഭിച്ചു.

ആരവത്തിലൂടെ അരങ്ങേറ്റം: ഗായകൻ പി. ജയചന്ദ്രനാണ് ജോണ്‍സണ്‍ മാസ്‌റ്ററെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിയത്. ദേവരാജൻ മാസ്‌റ്ററുടെ സഹായത്താല്‍ 1974ൽ അദ്ദേഹം ചെന്നൈയില്‍ എത്തി. 1978ൽ 'ആരവം' എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തും അരങ്ങേറ്റം കുറിച്ചു.

സില്‍ക്ക് സ്‌മിത ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകന്‍:1981ൽ ആന്‍റണി ഈസ്‌റ്റുമാന്‍റെ സംവിധാനത്തിൽ സിൽക്ക് സ്‌മിത നായികയായി അഭിനയിച്ച 'ഇണയെ തേടി' എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് അദ്ദേഹം ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിർവ്വഹിച്ചത്. തുടർന്ന് 'ഭരതന്‍റെ പാർവതി' എന്ന സിനിമയ്‌ക്ക് ഈണം നല്‍കി. ശേഷം കൈതപ്രം, പത്മരാജൻ, സത്യൻ അന്തിക്കാട് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇവര്‍ക്കൊപ്പമുള്ള ജോൺസണ്‍ മാസ്‌റ്ററുടെ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്‌മരാജന്‍ ചിത്രങ്ങളിലൂടെ പേരെടുത്ത സംഗീതജ്ഞന്‍:പത്മരാജൻ ചിത്രങ്ങളായ 'കൂടെവിടെ' (1983), 'നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' (1986), 'നൊമ്പരത്തി പൂവ്' (1987), 'അപരൻ' (1988), 'ഞാൻ ഗന്ധർവൻ' (1991) തുടങ്ങീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് അദ്ദേഹം പേരെടുത്ത സംഗീത സംവിധായകനായി മാറി.

ജോണ്‍സണ്‍ മാസ്‌റ്റര്‍ ഹിറ്റുകള്‍: 'ആടിവാ കാറ്റേ' (കൂടെവിടെ), 'നീ നിറയൂ ജീവനില്‍' (പ്രേമഗീതങ്ങള്‍), 'സ്വപ്‌നം വെറുമൊരു സ്വപ്‌നം' (പ്രേമഗീതങ്ങള്‍), 'പൂ വേണം' (ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം), 'ഗോപികേ നിന്‍ വിരള്‍' (കാറ്റത്തെ കിളിക്കൂട്), 'ദേവാങ്കണങ്ങള്‍' (ഞാന്‍ ഗന്ധര്‍വന്‍), 'സ്വര്‍ണ മുകിലേ' ( ഇത് ഞങ്ങളുടെ കഥ), 'തങ്കത്തോണി' (മഴവില്‍ക്കാവടി), 'സുന്ദരി പൂവിന് നാണം' (എന്‍റെ ഉപാസന), 'ശ്യാമാംബരം' (അര്‍ത്ഥം), 'എന്തേ കണ്ണന് കറുപ്പ് നിറം' (ഫോട്ടോഗ്രാഫര്‍), 'ഒരു നാള്‍' (ഗുല്‍മോഹര്‍) എന്നിവയാണ് ജോണ്‍സണ്‍ മാസ്‌റ്ററുടെ ശ്രദ്ധേയമായ ഗാനങ്ങള്‍..

പൊന്തന്‍മാടയ്‌ക്കും സുകൃതത്തിനും ദേശീയ പുരസ്‌കാരങ്ങള്‍:ജോണ്‍സണ്‍ മാസ്‌റ്ററുടെ പകരം വെയ്‌ക്കാനില്ലാത്ത സംഗീതത്തിന് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1993ല്‍ 'പൊന്തന്‍മാട'യിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും 1994ല്‍ 'സുകൃതം' എന്ന സിനിമയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി.

കേരള സംസ്ഥാന പുരസ്‌കാര നേട്ടങ്ങള്‍: 'ഓർമയ്ക്കായി' (1982), 'മഴവില്‍ക്കാവടി', 'വടക്കു നോക്കി യന്ത്രം' (1989), 'അങ്ങനെ ഒരു അവധിക്കാലത്ത്' (1999) എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, 'സദയം' (1992), 'സല്ലാപം' (1996) എന്നീ സിനിമകളിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

മറ്റ് പുരസ്‌കാര തിളക്കങ്ങള്‍:'കൂടെവിടെ' (1983), 'ഇസബെല്ല', 'പൊന്‍മുട്ടയിടുന്ന താറാവ്' (1988), 'സവിധം', 'കുടുംബസമേതം' (1992), 'സല്ലാപം', 'ഈ പുഴയും കടന്ന്' (1996), 'ഗുല്‍മോഹര്‍' (2008) എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന്:2011 ഓഗസ്‌റ്റ് 18നായിരുന്നു ജോണ്‍സണ്‍ മാസ്‌റ്റര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍ സെമിത്തേരിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

ആ വിയോഗത്തിന് പിന്നാലെയുണ്ടായ ദുരന്തങ്ങള്‍:റാണിയാണ് ജോണ്‍സണ്‍ മാസ്‌റ്ററുടെ ഭാര്യ. ഷാൻ, റെൻ എന്നിവർ മക്കളും. ജോണ്‍സണ്‍ മാസ്‌റ്ററുടെ വിയോഗത്തിന് പിന്നാലെ ഈ കുടുംബത്തെ കാത്തിരുന്നത് നഷ്‌ടങ്ങള്‍ മാത്രം. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25ന് ഒരു ബൈക്കപകടത്തിൽ മരിച്ചു. മകളും ഗായികയുമായിരുന്ന ഷാൻ 2016 ഫെബ്രുവരി 5ന് ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചു.

Last Updated : Aug 18, 2023, 12:22 PM IST

ABOUT THE AUTHOR

...view details