ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ (Murder Case) ജീവപര്യന്തം ശിക്ഷ (Sentence For Life Imprisonment) വിധിച്ച പ്രതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി (Supreme Court). കൊലപാതക കേസില്‍ 12 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച മക്കെല്ല നാഗയ്യ (Makkella Nagaiah) എന്ന 34 കാരന് കുറ്റകൃത്യം (Crime) നടക്കുമ്പോള്‍ 16 വയസും ഏഴ് മാസവും മാത്രമെ പ്രായമുണ്ടായിരുന്നുള്ളുവെന്ന് കണ്ടെത്തിയാണ് കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിചാരണ കോടതിയും ആന്ധ്രാപ്രദേശ് ഹൈക്കോടതിയും (Andhra Pradesh High Court) സുപ്രീംകോടതിയും ശരിവച്ച ശിക്ഷ നടപടിയാണ് പിന്നീട് സുപ്രീംകോടതി തന്നെ തിരുത്തിയത്.
'വിധി' മാറിയത് ഇങ്ങനെ:ജസ്‌റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിക്കാരന് പ്രായപൂർത്തിയായിരുന്നില്ല എന്ന വിഷയത്തില്‍ ഹൈക്കോടതി കൈമാറിയ ഖമ്മം അഡിഷണൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചത്. 2023 മെയ് 13 എന്ന തീയതിയിലുള്ള റിപ്പോര്‍ട്ടില്‍ മക്കെല്ല നാഗയ്യയുടെ ജനനത്തീയതി 1989 മെയ് രണ്ടാണെന്ന് ഖമ്മം അഡിഷണൽ സെഷൻസ് ജഡ്ജി വ്യക്തമായ നിഗമനത്തിലെത്തിയിരുന്നു. മാത്രമല്ല ശിക്ഷാവിധി സെപ്‌റ്റംബര്‍ അഞ്ചിനാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി രേഖകള്‍ വിശദമായി പരിശോധിച്ചും സാക്ഷികളുടെ വാക്കാലുള്ള തെളിവുകളും പരിശോധിച്ചു.
ആദ്യം തള്ളി, പിന്നീട് വിട്ടയയ്‌ക്കാന്‍ ഉത്തരവ്: തുടര്‍ന്നാണ് പരാതിക്കാരന്‍റെ ജനനതീയതി 1989 മെയ് രണ്ടാണെങ്കില്‍ കുറ്റകൃത്യം നടക്കുന്ന 2005 ഡിസംബര്‍ 21 ന് അദ്ദേഹത്തിന് 16 വയസും ഏഴ് മാസവും മാത്രമെ പ്രായമുണ്ടായിരുന്നുള്ളു എന്നതിലേക്ക് എത്തിച്ചേരുന്നത്. ഖമ്മം അഡിഷണൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് അംഗീകരിച്ചതിനാൽ ഹര്‍ജിക്കാരനെ ഇനി തടവിലാക്കാനാവില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് തങ്ങൾ റിട്ട് പെറ്റീഷൻ അനുവദിക്കുകയും മറ്റേതെങ്കിലും കേസിൽ തടങ്കലിൽ വയ്‌ക്കേണ്ടതില്ലെങ്കിൽ ഹർജിക്കാരനെ ഉടൻ വിട്ടയക്കാൻ നിർദേശിക്കുന്നതായി ബെഞ്ച് അറിയിക്കുകയായിരുന്നു.
അതേസമയം വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ക്കെതിരെ ഇയാള്‍ മുമ്പ് സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ (SLP) ഫയല്‍ ചെയ്‌തിരുന്നു. എന്നാല്‍ 2022 ജൂലെ 12 ന് സുപ്രീംകോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.