ലഖ്നൗ: അന്യമതസ്ഥനെ വിവാഹം കഴിച്ചതിന് 20 വയസുകാരിയെ മർദ്ദിച്ച് തലമുണ്ഡനം ചെയ്തു തെരുവിലൂടെ നടത്തിയതായി പരാതി. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവം. ജില്ലയിലെ തന്നെ മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള അന്യമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തതിനാണ് ഗ്രാമവാസികൾ യുവതിയെ ആക്രമിച്ചത്.
ഫത്തേപൂർ കോട്ട്വാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എട്ട് പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന മുസ്ലീം യുവതി സമീപ ഗ്രാമത്തിൽ നിന്നുള്ള ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും തിങ്കളാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. ഇത് അറിഞ്ഞ് എത്തിയ നാട്ടുകാർ യുവാവിന്‍റെ വീട്ടിൽ നിന്നും യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ട് വന്നു. തുടർന്നാണ് യുവതിയെ ആക്രമിച്ചത്.
Also Read: ആർടിപിസിആർ റിപ്പോർട്ട് ഇല്ല; ബഹളം വച്ച വിമാനയാത്രക്കാരനെ അറസ്റ്റ് ചെയ്തു
സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ അടക്കമുള്ള കുടുംബാംഗങ്ങളും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു.