ന്യൂഡൽഹി:2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നായിക് ദീപക് സിങിന്‍റെ ഭാര്യ രേഖ സിങ് സൈന്യത്തിൽ ചേർന്നു. ചെന്നൈ ആസ്ഥാനമായുള്ള ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ (ഒടിഎ) പരിശീലനം പൂർത്തിയാക്കിയതിന് ശേഷമാണ് 29 കാരിയായ രേഖയെ ആർമി ഓർഡനൻസ് കോർപ്‌സിൽ നിയമിച്ചത്. കിഴക്കൻ ലഡാക്കിലെ ഫ്രണ്ട് ലൈൻ യൂണിറ്റിലാണ് നിയമനം.
'നായിക് ദീപക് സിങ് ശത്രുതാപരമായ സാഹചര്യങ്ങളിൽ സമാനതകളില്ലാത്ത പ്രൊഫഷണലിസം പ്രകടിപ്പിക്കുകയും അചഞ്ചലമായ രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയും രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്യുകയും ചെയ്‌തു. നായിക് (നേഴ്‌സിങ് അസിസ്റ്റന്‍റ്) ദീപക് സിംഗിന്‍റെ ഭാര്യ വനിത കേഡറ്റ് രേഖാ സിങ് ഒഎടിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ചെയ്‌തു', സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.
നായിക് ദീപക് സിങും ലഡാക്കിലെ ഫ്രണ്ട് ലൈൻ യൂണിറ്റിൽ ആർമി മെഡിക്കൽ കോർപ്‌സിലാണ് സേവനം അനുഷ്‌ഠിച്ചിരുന്നത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികർക്ക് വൈദ്യസഹായം നൽകുന്നതിൽ അദമ്യമായ ധൈര്യം കാണിച്ചതിന് നായിക് സിംഗിന് 2021-ൽ മരണാനന്തര ബഹുമതിയായി വീർ ചക്ര നൽകി ആദരിച്ചിരുന്നു. പരമവീര ചക്രയ്ക്കും മഹാവീര ചക്രയ്ക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതയ്ക്കുള്ള പുരസ്‌കാരമാണ് വീർ ചക്ര.
2020 ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ദീപകിനും പരിക്കേറ്റത്. എന്നാൽ സ്വന്തം പരിക്ക് വകവയ്‌ക്കാതെ 30ൽ അധികം സൈനികരുടെ ജീവനാണ് നഴ്‌സായിരുന്ന ദീപക് രക്ഷിച്ചത്.
അതേസമയം രേഖയ്‌ക്ക് പുറമെ അഞ്ച് വനിത ഓഫിസർമാർ കൂടി സൈന്യത്തിൽ ചേർന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ബാച്ചിലെ അഞ്ച് വനിത ഓഫിസർമാരെ സൈന്യത്തിലെ തന്ത്രപ്രധാനമായ ആർട്ടിലറി റെജിമെന്‍റിലേക്ക് നിയമിക്കുന്നത്. ചൈനയുമായും പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന പ്രദേശങ്ങളിലാണ് ഇവരുടെ നിയമനം.
ഗൽവാൻ ആക്രമണം: 2020 ജൂൺ 15നു രാത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ ഗൽവാൻ ആക്രമണം ഉണ്ടായത്. നിയന്ത്രണ രേഖ ലംഘിച്ച് കടന്ന് കയറാനുള്ള ചൈനീസ് സേനയുടെ ശ്രമം തടയുന്നതിനിടെയാണ് 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടത്. ഗൽവാനിലെ പട്രോൾ പോയിന്‍റ് 14ൽ ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറി ചൈനീസ് സേന സ്ഥാപിച്ച ടെന്‍റ് നീക്കം ചെയ്യാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിനും ജീവഹാനിക്കും കാരണമായത്.
ടെന്‍റ് നീക്കം ചെയ്തോ എന്നു പരിശോധിക്കാനെത്തിയ 16–ാം ബിഹാർ റജിമെന്‍റിലെ കേണൽ സന്തോഷ് ബാബുവും സംഘവും ടെന്‍റിന് തീവച്ചു നശിപ്പിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ് സംഘത്തെ ഇന്ത്യൻ സേന കീഴ്‌പ്പെടുത്തുകയും അവരെ അതിർത്തിക്കപ്പുറം ബലമായി നീക്കം ചെയ്യുകയും ചെയ്‌തു.
ഇതിനിടെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് കൂടുതൽ സൈനികരെത്തി ഇന്ത്യൻ സേനക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആണിതറച്ച വടികളും ഇരുമ്പുകമ്പി ചുറ്റിയ ദണ്ഡും ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ക്രൂരമായ ആക്രമണം നടത്തിയത്. തുടർന്ന് കൂടുതൽ സൈന്യം സംഭവ സ്ഥലത്തേക്ക് എത്തുകയും ഇരു കൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുകയുമായിരുന്നു.
അതിർത്തി സംഘർഷത്തിൽ തോക്ക് ഉപയോഗിക്കരുതെന്ന നിർദേശമുള്ളതിനാൽ മറ്റ് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു പരസ്‌പരം ആക്രമണം നടത്തിയത്. പുലർച്ചെ രണ്ട് മണിവരെയാണ് അന്ന് ആക്രമണം നീണ്ടു നിന്നത്. ഒടുവിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ചകൾക്ക് ശേഷം ഗൽവാനിലെ സംഘർഷ മേഖലയിൽ നിന്ന് ഇരുസൈന്യവും പിൻവലിയുകയായിരുന്നു.