ന്യൂഡല്‍ഹി: ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ). ഐജി സ്റ്റേഡിയത്തിലെ കെ ഡി ജാദവ് ഹാളില്‍ നടന്ന കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെ റഫറിയെ ആക്രമിച്ചതിനാണ് നടപടി. ഡബ്ല്യു.എഫ്.ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്.
റഫറിക്ക് നേരെ ആക്രമണം; ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്ക് - സതേന്ദര്‍ മാലിക്ക്
ഐജി സ്റ്റേഡിയത്തിലെ കെ ഡി ജാദവ് ഹാളില്‍ നടന്ന കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെയാണ് സതേന്ദര്‍ റഫറിയെ ആക്രമിച്ചത്.
125 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിന്‍റെ ഫൈനൽ ബൗട്ടിൽ മോഹിത് എന്ന താരത്തോട് സർവീസസ് താരം തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സതേന്ദർ റഫറി ജഗ്ബീർ സിങ്ങിനെ തല്ലിയെന്നാണ് ആരോപണം. ഇന്ത്യയില്‍ റെസ്‌ലിങ് ട്രയല്‍സിനിടെ വിവാദമുണ്ടാവുന്നത് ആദ്യമായല്ല.
2018 കോമൺവെൽത്ത് ട്രയൽസിനിടെ സുശീൽ കുമാറിന്‍റെയും പ്രവീൺ റാണയുടെയും ആരാധകർ ഏറ്റുമുട്ടിയത് വലിയ ചര്‍ച്ചയായിരുന്നു. അതേസമയം കഴിഞ്ഞ വർഷം ടോക്കിയോ ഒളിമ്പിക്‌സിൽ റഫറിയെ "ശാരീരികമായി ആക്രമിച്ച"തിന് ദീപക് പുനിയയുടെ വിദേശ പരിശീലകൻ മുറാദ് ഗൈദറോവിന്‍റെ അക്രഡിറ്റേഷൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റദ്ദാക്കിയിരുന്നു.