സൂറത്ത് :തെലുങ്ക് ചിത്രം 'പുഷ്‌പ'യിലെ രക്തചന്ദന കടത്ത് നാം കണ്ടതാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ അത്തരമൊരു 'പുഷ്‌പരാജി'നെയും സംഘത്തെയും സൂറത്തിൽ നിന്ന് പിടികൂടിയിരിക്കുകയാണ് വനംവകുപ്പ്. 548 കിലോയിലധികം രക്തചന്ദനമാണ് സൂറത്ത് സ്വദേശിയായ കർഷകനിൽ നിന്നും വനംവകുപ്പും ആന്‍റി-ടെററിസം സ്‌ക്വാഡും (എടിഎസ്) പിടികൂടിയത്.
'പുഷ്‌പരാജ് സ്‌റ്റൈലിൽ' വിൽക്കാൻ ശ്രമിച്ചുവെങ്കിലും കർഷകനുൾപ്പെടെ മൂന്ന് പ്രതികളെ അധികൃതർ പിടികൂടുകയായിരുന്നു. പ്രതികളായ ധീരു അഹിർ, വിനു ഗോൾഡൻ, പ്രവീൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സൂറത്തിലെ കുംഭാരിയ ഗ്രാമത്തിൽ നടത്തിയ സംയുക്ത പ്രവർത്തനത്തിലാണ് പ്രതികൾ കുടുങ്ങിയത്. എടിഎസ് നൽകുന്ന വിവരമനുസരിച്ച്, കുംഭാരിയ മേഖലയിലെ ഒരു വീട്ടിൽ കർഷകൻ രക്തചന്ദനം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നു. ഇതിനുപിന്നാലെ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.