കുശിനഗര്‍ (യുപി) : ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ നാരായണി നദിയില്‍ നിന്ന് 20 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ദുരഭിമാന കൊല ആരോപിച്ച് യുവതിയുടെ അച്ഛനെയും സഹോദരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ലെന്നും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്ത മൂന്നുപേരെയും ചോദ്യം ചെയ്‌ത് വരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണത്തിന് എഎസ്‌പി റിതേഷ് കുമാര്‍ സിങ് നിര്‍ദേശം നല്‍കി. സമീപവാസിയാണ് മൃതദേഹം കണ്ട വിവരം തങ്ങളെ അറിയിച്ചതെന്ന് സെവ്‌രാഹി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.
കുശിനഗര്‍ ജില്ലയിലെ നര്‍വാജോട്ട് അണക്കെട്ടിന് 300 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചണത്തിന്‍റെ ചാക്കില്‍ കെട്ടിയ നിലയില്‍ നാരായണി നദിയിലായിരുന്നു മൃതദേഹം. യുവതിയുടെ പ്രണയത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും ഇതിനെ ചൊല്ലി വഴക്കുണ്ടായതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.