ജയ്‌പൂർ:കോൺഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ട് മത്സരിക്കുന്നതിനാൽ രാജസ്ഥാനിൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഗ്രീൻ സിഗ്നൽ നൽകുമെന്നാണ് സൂചന. തലസ്ഥാനമായ ജയ്‌പൂരിൽ എത്തിയ പൈലറ്റ് എംഎൽഎമാരുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.
സച്ചിൻ പൈലറ്റിന്‍റെ വസതിക്ക് മുന്നിലെത്തിയ ബുൾഡോസർ കൂടാതെ ഗെലോട്ട് അനുയായികളായി കരുതപ്പെടുന്നവരുൾപ്പെടെ പല എംഎൽഎമാരും കഴിഞ്ഞ ദിവസങ്ങളിലായി പൈലറ്റിന്‍റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിനിടെയാണ് സച്ചിൻ പൈലറ്റിന്‍റെ വസതിക്ക് മുന്നിൽ അസാധാരണമായ ഒരു സംഭവം നടന്നത്.
പതിവില്ലാതെ പൈലറ്റിന്‍റെ വസതിക്ക് പുറത്ത് വന്ന ഒരു ബുൾഡോസർ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവിടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സ്വതന്ത്ര എംഎൽഎ ഖുഷ് വീർ ജോജവർ ഉൾപ്പെടെ ചിലർ വസതിയിലുണ്ടായിരുന്ന സമയത്താണ് സംഭവം.
എന്നാൽ ശുചീകരണത്തിനായി രാജ്ഭവനിലേക്ക് പോവുകയായിരുന്ന ഈ ബുൾഡോസർ രാജ്ഭവനാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തിൽ പൈലറ്റിന്‍റെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ചതാണെന്ന് പിന്നീടാണ് മനസിലായത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ബുൾഡോസർ സച്ചിൻ പൈലറ്റിന്‍റെ വസതിയിൽ നിന്ന് മടങ്ങുകയായിരുന്നു.
ബുൾഡോസർ രാഷ്‌ട്രീയത്തിന്‍റെ പേരിൽ കേന്ദ്രസർക്കാർ ഏറെ വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനം മുന്നിൽ നിൽക്കുന്ന പൈലറ്റിന്‍റെ വസതിക്ക് മുന്നിലെ ബുൾഡോസർ സംഭവം ഏറെ ശ്രദ്ധ നേടുന്നത്.