ബെംഗളുരു: ഗ്രാമീണതയുടെ ജീവതേജസായും സമൃദ്ധിയുടെ ഹൃദയതാളമായും പാടത്തും പറമ്പിലും നിറഞ്ഞു നിന്നിരുന്ന ഗ്രാമീണ കര്‍ഷകര്‍ ഇന്ന് ഓര്‍മ മാത്രമാണ് നാമേവർക്കും. കാർഷിക വൃത്തി ജീവിതത്തിന്‍റെ ഭാഗമാണെന്ന് ജീവിതംകൊണ്ട് കാണിച്ചു തന്നവരായിരുന്നു പഴയകാല കര്‍ഷകര്‍. എന്നാല്‍ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന സംസ്‌കൃതിയാണ് കൃഷിയും കാർഷിക മേഖലയെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളും. പതിവു കാഴ്ചകളാകട്ടെ, കാർഷിക ലോണും, കടങ്ങളും, കർഷക ആത്മഹത്യകളും.
എന്നാൽ ഈ പതിവു കാഴ്ചകളിൽ നിന്ന് വിഭിന്നമായ കഥകൾ അവതരിപ്പിക്കുകയാണ് കർണാടക സ്വദേശികളായ വിത്തൽ ഗൗഡയും അനുഷും. കാർഷിക മേഖലയിലും വിജയം കൊയ്യാനാകുമെന്നും പ്രതിമാസം 60000 മുതല്‍ 80000 രൂപ വരെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും ഇവർ കാട്ടിത്തരുന്നു. തെങ്ങ് കയറി തേങ്ങയിട്ട്, അത് വിറ്റ് വിജയം കൊയ്യുകയാണ് ഈ മംഗലാപുരം സ്വദേശികൾ.
തെങ്ങ് കയറ്റ യന്ത്രം ഉപയോഗിക്കുന്നതുകൊണ്ടു തന്നെ ഇവർക്ക് തെങ്ങുകയറ്റം ആയാസ രഹിതമാണ്. ഇതുവഴി 60 മുതൽ 80 തെങ്ങുകൾ വരെ ഒരു ദിവസം വിത്തലും അനുഷും കയറും. നേരത്തെ തന്നെ തേങ്ങയിടലിൽ അറിവുണ്ടായിരുന്ന ഇരുവർക്കും സംസ്ഥാനത്തെ കാര്‍ഷിക ശാസ്ത്ര കേന്ദ്ര വകുപ്പ് സംഘടിപ്പിച്ച “തെങ്ങിന മര സ്‌നേഹി'' എന്ന പദ്ധതിയിലൂടെ തങ്ങളുടെ കഴിവുകള്‍ മിനുക്കിയെടുക്കാൻ സാധിച്ചതോടെ തേങ്ങയിടലിൽ വൈദഗ്ദ്യം നേടാനായി. ഒരു തെങ്ങിൽ കയറിയാൽ 35 രൂപ വിത്തലും അനുഷും പോക്കറ്റിലാക്കും.