കേരളം

kerala

ETV Bharat / bharat

2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ ; വിതരണം നിര്‍ത്താന്‍ നിര്‍ദേശം - റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ

സെപ്‌റ്റംബര്‍ 30വരെ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് റിസര്‍വ്‌ ബാങ്ക്

നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ  റിസര്‍വ്‌ ബാങ്ക്  RBI to withdraw Rs two thousand currency  RBI to withdraw Rs two thousand currency notes
2,000 രൂപയുടെ നോട്ടുകള്‍

By

Published : May 19, 2023, 7:17 PM IST

Updated : May 19, 2023, 10:57 PM IST

ന്യൂഡല്‍ഹി : 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ (ആര്‍ബിഐ). ഈ നോട്ടുകളുടെ വിതരണം നിര്‍ത്താന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കി. നിലവില്‍ 2,000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാം.

ഈ വര്‍ഷം സെപ്‌റ്റംബര്‍ 30വരെ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. നോട്ടുകള്‍ മാറാന്‍ ആര്‍ബിഐയുടെ 19 ബ്രാഞ്ചുകളില്‍ സൗകര്യമൊരുക്കും. മെയ് 23 മുതൽ ഇതിനുള്ള സൗകര്യം ലഭ്യമാവുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ബാങ്കില്‍ നിന്ന് പരമാവധി മാറിയെടുക്കാന്‍ കഴിയുന്ന തുക 20,000 രൂപയാണ്.

ALSO READ |കെട്ടിയെഴുന്നള്ളിച്ചത് സാധാരണക്കാരനുമേല്‍ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' നടത്തി, ഒടുക്കം 'പിന്‍വാങ്ങല്‍' ; 2,000ത്തിന് സംഭവിച്ചത് ?

2016ലാണ് 2,000ത്തിന്‍റെ നോട്ടുകള്‍ പുറത്തിറങ്ങിയത്. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ അവകാശവാദങ്ങളോടെയാണ് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. ശേഷമാണ് 2000ത്തിന്‍റെ നോട്ടുകള്‍ പുറത്തിറങ്ങിയത്. ഈ നോട്ടുകള്‍ ലഭ്യമായതിന്‍റെ ഏഴാം വര്‍ഷത്തിലാണ് ഇപ്പോഴുള്ള തിരിച്ചെടുക്കല്‍.

പിന്‍വലിക്കലിന് പിന്നിലെന്ത് ? :2018 - 2019നു ശേഷം 2,000 നോട്ടുകൾ അച്ചടിക്കാത്തതുകൊണ്ട് നിലവിലുള്ള നോട്ടുകള്‍ 2017 മാർച്ചിന് മുന്‍പുള്ളതാണ്. സാധാരണഗതിയില്‍ അഞ്ച് വര്‍ഷം വരെയാണ് ഒരു നോട്ടിന്‍റെ കാലാവധി. ഈ ആയുസ് പൂര്‍ത്തിയായതാണ് നോട്ട് പിന്‍വലിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിശദീകരണം. പുറമെ, പൊതുജനങ്ങള്‍ 2,000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നത് കുറഞ്ഞെന്നും വിദഗ്‌ധ നിരീക്ഷണം ഉയരുന്നു. പൊതുജനങ്ങൾക്ക് നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ആര്‍ബിഐയുടെ 'ക്ലീൻ നോട്ട് പോളിസി'യുടെ ഭാഗമാണ് പിന്‍വലിക്കലിന് പിന്നിലെന്നും വിവരമുണ്ട്.

രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്:2,000 നോട്ട് പിൻവലിക്കല്‍ തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. 2016ലെ ദുരന്തം രാജ്യത്തെ വീണ്ടും വേട്ടയാടാനെത്തുന്നുവെന്നും നോട്ടുകൾ പിൻവലിക്കാനുള്ള കാരണം 'ചിപ്പ് ക്ഷാമം' കൊണ്ടാണെന്ന് പറയരുതെന്നും എഐസിസി വക്താവ് പവൻ ഖേര പരിഹസിച്ചു. 2000 രൂപ നോട്ട് പിൻവലിച്ച തീരുമാനത്തിന്‍റെ പിന്നിലെന്തെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും ജയ്‌റാം രമേശും വിമർശനവുമായി രംഗത്തെത്തി.

'വിശ്വഗുരുവിന്‍റെ സ്ഥിരം പരിപാടി':'നമ്മുടെ വിശ്വഗുരുവിന്‍റെ സ്ഥിരം പരിപാടി. ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക (അതിവേഗം)' – ജയ്‌റാം രമേശ് ട്വീറ്റ്‌ ചെയ്‌തു. 'സർക്കാരും ആർബിഐയും മുന്‍കൂട്ടി കണ്ടതുപോലെ 2,000 രൂപ നോട്ട് പിൻവലിക്കുകയും അവ മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിക്കുകയും ചെയ്‌തു. വിനിമയ രംഗത്ത് 2,000 രൂപ നോട്ട് ഒരിക്കലും ജനപ്രിയം അല്ലായിരുന്നു.' - ഇങ്ങനെയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരത്തിന്‍റെ പ്രതികരണം. പുറമെ സാധാരണക്കാരേയും പ്രതിപക്ഷ പാര്‍ട്ടികളേയും നേരിട്ട് ബാധിക്കുമെന്നുമുള്ള നിരീക്ഷണങ്ങളും ഉയരുന്നുണ്ട്.

Last Updated : May 19, 2023, 10:57 PM IST

ABOUT THE AUTHOR

...view details